Site iconSite icon Janayugom Online

അവിശ്വാസികളുടെ സര്‍വനാശത്തിനായി പ്രാര്‍ത്ഥിക്കുമെന്ന പ്രസ്താവന; വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതെന്ന് സുരേഷ് ഗോപി

അവിശ്വാസികളുടെ സര്‍വനാശത്തിനായി ശ്രീകോവിലിന് മുന്നില്‍ ചെന്ന് പ്രാര്‍ത്ഥിക്കുമെന്ന വിദ്വേഷ പ്രസംഗത്തിന് പിന്നാലെ വിശദീകരണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. അടുത്തിടെ താന്‍ നടത്തിയ ഒരു പ്രസംഗത്തിലെ ചില കാര്യങ്ങള്‍ വിഡിയോയായി പ്രചരിക്കുന്നുണ്ട്. തന്റെ പേരില്‍ പ്രചരിക്കുന്ന വിഡിയോ എഡിറ്റ് ചെയ്താണ് ഇപ്പോള്‍ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

സുരേഷ് ഗോപിയുടെ വാക്കുകള്‍:

‘അവിശ്വാസികളുടെയോ നിരീശ്വരവാദികളുടെയോ ചിന്തയോട് എനിക്കനാദരവില്ല. ഒരിക്കലുമങ്ങനെ ചെയ്യുകയുമില്ല. ഞാന്‍ അവരെക്കുറിച്ച് സംസാരിച്ചിട്ടില്ല, എന്റെ ആശയങ്ങളില്‍ വിഷം നിറയ്ക്കാനാണ് ശ്രമം നടക്കുന്നത്. എന്റെ മതത്തിന്റെ ഭരണഘടനാപരമായി അംഗീകരിച്ചിട്ടുള്ള ചടങ്ങുകളെയും ആചാരങ്ങളെയും കളങ്കപ്പെടുത്തുകയും അതിനെതിരെ തടസം നില്‍ക്കുകയും ചെയ്യുന്നവര്‍ക്കെതിരെയാണ് ഞാന്‍ സംസാരിച്ചത്.

രാഷ്ട്രീയത്തിന്റെ പേരിലോ മറ്റ് മതങ്ങളുടെ പേരിലോ ആരെങ്കിലും നുഴഞ്ഞുകയറാന്‍ ശ്രമിച്ചാല്‍ അവരുടെ ശാപമോക്ഷത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കും. ശബരിമലയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടാക്കിയവരെയും എന്റെ മതപരമായ അവകാശങ്ങള്‍ക്കെതിരായി വരുന്ന രാഷ്ട്രീയ ശക്തികളെയും കുറിച്ചായിരുന്നു എന്റെ വാക്കുകള്‍. അത് മാത്രമായിരുന്നു എന്റെ ഉദ്ദേശവും ഉള്ളടക്കവും. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി, തന്റെ രാഷ്ട്രീയം പ്രദര്‍ശിപ്പിക്കാന്‍ ആരെയും അനുവദിക്കരുത്. അതിനെ പൂര്‍ണ്ണമായും ഞാനെതിര്‍ക്കുന്നു. എന്റെ ഉദ്ദേശം ആരും വഴിതിരിച്ചുവിടേണ്ടതില്ല. ഇത് പറയുമ്പോള്‍ പോലും എനിക്ക് രാഷ്ട്രീയമില്ല’. സുരേഷ് ഗോപി പറഞ്ഞു.

അവിശ്വാസികളോട് തനിക്ക് സ്നേഹമില്ലെന്നും വിശ്വാസികളുടെ വിശ്വാസത്തിന് നേരെ വരുന്നവരുടെ സര്‍വ്വനാശത്തിന് വേണ്ടി പ്രാര്‍ത്ഥിക്കും എന്നാണ് സുരേഷ് ഗോപിയുടെ വിവാദ പരാമര്‍ശം. ശിവരാത്രി ദിനത്തിലെ പരിപാടിയില്‍
പ്രസംഗിക്കുന്നതിനിടയിലായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എഴുത്തുകാരൻ എൻ എസ് മാധവനും ട്വിറ്ററിലൂടെ സുരേഷ് ദോപിയ്ക്കെതിരെ പോസ്റ്റ് പങ്കുവച്ചിരുന്നു.

Eng­lish Sum­ma­ry: actor suresh gopi explan­tion on con­tro­ver­sial speech against non believers
You may also like this video

Exit mobile version