Site iconSite icon Janayugom Online

‘എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായത് കൊണ്ട് ഇവർ തഴയപ്പെട്ടു കൂടാ’; ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി നടൻ ടൊവിനോ തോമസ്

ജന്തർ മന്ദിറിൽ ​ഗുസ്‌തി താരങ്ങൾ നടത്തിവരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടൻ ടൊവിനോ തോമസ്. സമൂഹ മാധ്യമങ്ങൾ വഴിയാണ് നടൻ പിന്തുണ അറിയിച്ചത്. ഏതൊരാളും അർഹിക്കുന്ന നീതി ഇവർക്കും ലഭിക്കണമെന്നും എതിർപക്ഷത്തുള്ളവർ ശക്തരായതു കൊണ്ട് ഇവർ തഴയപ്പെടരുതെന്നും ടൊവിനോ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

‘അന്താരാഷ്‌ട്ര കായിക വേദികളിൽ നമ്മുടെ യശസ്സ് ഉയർത്തി പിടിച്ചവരാണ്, ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷകൾക്ക് വിജയത്തിന്റെ നിറം നൽകിയവർ! ആ പരിഗണനകൾ വേണ്ട, പക്ഷേ നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അർഹിക്കുന്ന നീതി ഇവർക്ക് ലഭിക്കാതെ പോയിക്കൂടാ, എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായത് കൊണ്ട് ഇവർ തഴയപ്പെട്ടു കൂടാ’- ടൊവിനോ തോമസ് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.ഡൽഹിയിൽ ​ഗുസ്തി താരങ്ങളുടെ സമരം ഒരു മാസത്തിലേറെ പിന്നിട്ടിരിക്കുകയാണ്. നിരവധി പേരാണ് താരങ്ങൾക്ക് പിന്തുണ നല്‍കി രംഗത്ത് എത്തിയത്. 

അന്താരാഷ്ട്രറെസ്ലിങ് ഫെഡറേഷന് പുറമെ ഗുസ്തി താരങ്ങളുടെ സമരത്തില്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയും ഇടപെട്ടു. ബ്രിജ് ഭൂഷനെതിരായ ലൈംഗിക ആരോപണ കേസില്‍ അന്വേഷണം നടത്തണമെന്ന് ഐഒസിയും ആവശ്യപ്പെട്ടു .താരങ്ങളോടുള്ള പൊലീസ് പെരുമാറ്റം അങ്ങേയറ്റം അപലപനീയമെന്നും വ്യക്തമാക്കി.

എംപി കൂടിയായ ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഏപ്രില്‍ 21 മുതല്‍ ഗുസ്തി താരങ്ങള്‍ പ്രതിഷേധം നടത്തിവരികയാണ്. നിരവധി ദേശീയ ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണെതിരെ ലൈംഗികപിഡനപരാതി ഉന്നയിച്ചിട്ടുണ്ട്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു താരവും ഉള്‍പ്പെടും. ഞായറാഴ്ച പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് പിന്നാലെ പ്രതിഷേധമാര്‍ച്ച് നടത്തിയ ഗുസ്തി താരങ്ങളില്‍ പലരേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

താരങ്ങളുടെ സമരപ്പന്തലുകള്‍ പൊളിക്കുകയും പ്രതിഷേധസമരത്തിന്റെ സംഘാടകര്‍ക്കെതിരെ കലാപം, നിയമവിരുദ്ധമായ കൂടിച്ചേരലിനും കേസെടുക്കുകയും ചെയ്തു.ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങളുടെ പ്രക്ഷോഭം ശക്തി പ്രാപിക്കുന്നു. അഞ്ച് ദിവസത്തിനകം തീരുമാനം ഉണ്ടായില്ലെങ്കില്‍ വീണ്ടും ഹരിദ്വാറിലെത്തി മെഡലുകള്‍ ഗംഗയിലെറിയുമെന്ന് താരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

Eng­lish Summary;Actor Tovi­no Thomas sup­ports the strug­gle of wrestlers

You may also like this video

Exit mobile version