Site iconSite icon Janayugom Online

നടിയെ ആക്രമിച്ച കേസ്; കോടതിമാറ്റത്തിനെതിരെ അതിജീവിത ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജിക്കെതിരെ വീണ്ടും അതിജീവിത രംഗത്ത്. കേസിന്റെ വിചാരണ പ്രത്യേക സിബിഐ കോടതിയിൽ നിന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേയ്ക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയ്ക്ക് കത്തുനൽകി.

സിബിഐ കോടതിയുടെ ചുമതലയുള്ള പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗ്ഗീസിന്റെ മേൽ നോട്ടത്തിൽ നടക്കുന്ന വിചാരണയിൽ തൃപ്തിയില്ലെന്നും അതിജീവിത കത്തിൽ വ്യക്തമാക്കി.

നിലവിലെ വനിതാ ജഡ്ജിയുടെ കീഴിൽ നടക്കുന്ന വിചാരണയിലൂടെ നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്ന് അപേക്ഷയിൽ ചൂണ്ടിക്കാണിക്കുന്നു. സിബിഐ പ്രത്യേക കോടതിയിലോ മറ്റേതെങ്കിലും വനിതാ ജഡ്ജിനെ കൊണ്ടോ വിചാരണ നടത്തണം എന്നാണ് അതിജീവിതയുടെ ആവശ്യം.

കോടതിയുടെ കസ്റ്റഡിയിൽ സൂക്ഷിച്ച മെമ്മറികാർഡ് അനധികൃതമായി പരിശോധിച്ചതായി ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. വളരെ വേദനാജനകമായ കാര്യമാണിത്. മെമ്മറി കാർഡിലുണ്ടായിരുന്ന ദൃശ്യങ്ങൾ കോടതിക്ക് പുറത്തുപോയിട്ടുണ്ടോയെന്ന് സംശയമുണ്ട്. ഇക്കാര്യം വനിതാ ജഡ്ജിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടും കുറ്റവാളികളെ കണ്ടെത്താൻ നടപടിയെടുക്കുന്നില്ലെന്നും അതിജീവിത അപേക്ഷയിൽ വ്യക്തമാക്കുന്നു.

വനിതാ ജഡ്ജിയുടെ മാറ്റത്തിനൊപ്പം കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റില്ലെന്നാണ് പ്രതീക്ഷ. അല്ലെങ്കിൽ വിചാരണ എറണാകുളം ജില്ലയിലെ മറ്റേതെങ്കിലും വനിതാ ജഡ്ജിക്ക് കീഴിലേക്കു മാറ്റണം. ഈ വിഷയത്തിലുള്ള ആശങ്കയും തന്റെ മാനസികാവസ്ഥയും പരിഗണിക്കണമെന്നും അതിജീവിത അപേക്ഷയിൽ ആവശ്യപ്പെടുന്നു.

സി ബി ഐ കോടതിയിൽ നിന്ന് വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേയ്ക്ക് മാറ്റാൻ ഹൈക്കോടതി ഭരണ വിഭാഗം തീരുമാനിച്ചിരുന്നു.

Eng­lish summary;Actress assault case; actress in High Court against change of court

You may also like this video;

Exit mobile version