കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് നടന് ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം എന്നാണ് ദിലീപിന്റെ വാദം. അതിനിടെ എതിര്‍ത്ത് ആക്രമണത്തിന് ഇരയായ നടി. കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടി കോടതിയില്‍ അപേക്ഷ നല്കി. കേസില്‍ തുടരന്വേഷണം ആവശ്യമുണ്ടെന്നും ദിലീപിന്റെ ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നതിന് മുന്‍പ് തന്റെ ഭാഗം കേള്‍ക്കണമെന്നും നടി കോടതിയെ അറിയിച്ചു. കേസില്‍ കക്ഷി ചേരാന്‍ സമയം അനുവദിക്കണമെന്നും ആക്രമിക്കപ്പെട്ട നടിയുടെ അഭിഭാഷകന് കോടതിയില്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച ഹൈക്കോടതി, കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.
ദിലീപിന്റെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്നു നിലപാട് വ്യക്തമാക്കും. നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിനു മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ലെന്നും വധഗൂഢാലോചനക്കേസിലെ ഇരകളാണ് തുടരന്വേഷണം നടത്തുന്നതെന്നും ദിലീപ് കോടതിയെ അറിയിച്ചിട്ടുണ്ട്. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോസ്ഥര്‍ വിചാരണക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്കു നിര്‍ദേശം നല്‍കണമെന്നുമാണ് ദിലീപിന്റെ ഹര്‍ജിയിലെ ആവശ്യം.
അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതിയായ നടന് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. കേസ് റദ്ദാക്കാന്‍ കഴിയില്ലെങ്കില്‍ അന്വേഷണം സിബിഐക്കു കൈമാറണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദിലീപിനു പുറമേ സഹോദരന് അനൂപ്, സഹോദരിയുടെ ഭര്‍ത്താവ് ടി.എന്‍. സുരാജ്, ബന്ധുവായ കൃഷ്ണപ്രസാദ്, സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവരും കേസില്‍ പ്രതികളാണ്. ഫെബ്രുവരി ഏഴിന് പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസ് റദ്ദാക്കാന്‍ ദിലീപ് ഹര്‍ജി നല്‍കിയത്.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ ആക്രമണ ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നു ചോര്‍ന്നെന്ന ആരോപണത്തെക്കുറിച്ച് ഹൈക്കോടതി വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു. ഹൈക്കോടതിയിലെ വിജിലന്‍സ് രജിസ്ട്രാറുടെ നിര്‍ദേശ പ്രകാരം ഡിവൈഎസ്പി ജോസഫ് സാജുവിനാണ് അന്വേഷണച്ചുമതല.
English Summary: Actress assault case: Dileep wants further investigation to be stopped: Actress wants to be allowed to join the party
You may like this video also