നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ഒരുമാസത്തിനകം തീർക്കണമെന്ന് വിചാരണ കോടതി ഉത്തരവിട്ടു. അന്വേഷണത്തിന് ആറ് മാസത്തെ സമയം അനുവദിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം തള്ളിക്കൊണ്ടാണ് തീരുമാനം. മാർച്ച് ഒന്നിന് മുമ്പ് അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചത്. തുടരന്വേഷണം നടക്കുന്നതിനാൽ വിചാരണ അവസാനിപ്പിക്കാനുള്ള കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സുപ്രിം കോടതിയെ സമീപിച്ചിരുന്നു.
നിലവിൽ ഈ മാസം 16 ആണ് സുപ്രീംകോടതി നിശ്ചയിച്ച സമയപരിധി. എന്നാൽ വിചാരണ കാലയളവ് നീട്ടണമോ എന്ന ആവശ്യം ഉന്നയിക്കേണ്ടത് വിചാരണ കോടതിയാണെന്ന് വ്യക്തമാക്കി സുപ്രീം കോടതി ഈ ആവശ്യം തള്ളിയിരുന്നു. തുടരന്വേഷണ റിപ്പോർട്ട് അടുത്ത മാസം ഒന്നിന് സമർപ്പിക്കാൻ ഉത്തരവിട്ട സാഹചര്യത്തിൽ വിചാരണ കാലയളവ് നീട്ടണം എന്നാവശ്യപ്പെട്ട് വിചാരണ കോടതി താമസിയാതെ സുപ്രീം കോടതിയെ സമീപിക്കും.
ENGLISH SUMMARY:Actress assault case: Further investigation should be completed within a month
You may also like this video