നടി ആക്രമണ കേസിന്റെ വിചാരണ നീട്ടണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. വീചാരണ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.
വിചാരണ കോടതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാം. മുൻപ് സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി തന്നെ സമീപിച്ചിരുന്നെന്നും ഇത് അംഗീകരിച്ചിരുന്നെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
കേസിൽ പുതിയ ചില തെളിവുകൾ കൂടി ലഭിച്ചുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത വാദിച്ചത്. സുപ്രീംകോടതി നിശ്ചയിച്ച സമയപരിധി ചൂണ്ടിക്കാട്ടി പുതിയ തെളിവുകൾ വിചാരണ കോടതി പരിഗണിക്കുന്നില്ല. അതിനാൽ വിചാരണ പൂർത്തിയാക്കാനുള്ള സമയം ഫെബ്രുവരി 14‑ൽ നിന്നും നീട്ടണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്. എന്നാൽ ഇക്കാര്യം ഉന്നയിക്കാൻ സർക്കാരിന് അവകാശമില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
എന്നാൽ രഹസ്യവിചാരണ നടക്കുന്ന കേസിൽ മാധ്യമവിചാരണയാണ് നടക്കുന്നതെന്ന് ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു. സർക്കാരിന്റെ ഒത്താശയോടെയാണ് മാധ്യമവിചാരണ നടക്കുന്നത്. പുതിയ ചില തെളിവുകൾ ലഭിച്ചുവെന്ന് അവകാശപ്പെട്ട് നടൻ ദിലീപിനെ പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്താനാണ് നീക്കമെന്നും പ്രതിഭാഗം വാദിച്ചു.
English Summary: Actress assault case: Supreme Court rejects state government’s plea
You may like this video also