നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുള്ള മെമ്മറി കാർഡിന്റെ ആദ്യരൂപം തിങ്കളാഴ്ച ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ നൽകും. മെമ്മറി കാർഡ് അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ 2017 ഫെബ്രുവരി ഇരുപത്തഞ്ചിനാണ് ആദ്യം ഹാജരാക്കിയത്.
ഫെബ്രുവരി 27ന് ഫോറൻസിക് പരിശോധന നടത്തി. റിപ്പോർട്ട് മാർച്ച് മൂന്നിന് ലഭിച്ചു. ഈ റിപ്പോർട്ടിനായി ഫോറൻസിക് ലാബിൽ രൂപപ്പെടുത്തിയ ഫോറൻസിക് ഇമേജിന്റെ ക്ലോൺഡ് കോപ്പി (തനിപ്പകർപ്പ്), മിറർ ഇമേജ്(പൂർണപകർപ്പ്) എന്നിവ ഹാജരാക്കാനാണ് ഹൈക്കോടതി ഉത്തരവ്. അന്നുലഭിച്ച ഹാഷ് വാല്യു ഇതിലുണ്ടാകും. ഈ ഫോറൻസിക് ഇമേജിൽ മാറ്റം വന്നിട്ടുണ്ടോയെന്നും റിപ്പോർട്ട് പരിശോധിച്ചാൽ വ്യക്തമാകും.
ഹാഷ് വാല്യുവിൽ മാറ്റമുണ്ടായിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന ഫോറൻസിക് റിപ്പോർട്ട്, അന്വേഷണസമയം മൂന്നാഴ്ച നീട്ടണമെന്ന ഹർജിയ്ക്കൊപ്പം പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഫോറൻസിക് ഇമേജിന്റെ പകർപ്പുകൾക്ക് അന്വേഷകസംഘം ഇന്നലെ തിരുവനന്തപുരം ഫോറൻസിക് ലാബിനെ സമീപിച്ചു. ഫോറൻസിക് ലാബുകളിൽ സാധാരണഗതിയിൽ ഫോറൻസിക് ഇമേജുകൾ സൃഷ്ടിക്കുന്നത് റൈറ്റ് ബ്ലോക്കർ എന്ന ഉപകരണം ഉപയോഗിച്ചാണ്.
പെൻഡ്രൈവിന്റെ മാതൃകയിലുള്ള ഇതുപയോഗിച്ച് മെമ്മറി കാർഡ് പരിശോധിച്ചാൽ ഹാഷ് വാല്യുവിന് മാറ്റം സംഭവിക്കില്ല. ഇതിലൂടെ ലഭിക്കുന്ന ഫോറൻസിക് ഇമേജിൽനിന്നാണ് ഹാഷ് വാല്യു കണക്കാക്കുക. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന്റെ അന്തിമറിപ്പോർട്ട് തയാറായിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ക്ലോൺഡ് കോപ്പിയും മിറർ ഇമേജും തിരുവനന്തപുരം ഫോറൻസിക് ലാബിൽനിന്ന് കിട്ടാനുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. ലാബിൽനിന്ന് പരിശോധനാഫലം സ്വീകരിക്കാൻ ഉദ്യോഗസ്ഥനെ ഉടൻ നിയമിക്കാനും റിപ്പോർട്ട് വിചാരണക്കോടതിയിൽ മുദ്രവച്ച കവറിൽ ഹാജരാക്കാനും കോടതി നിർദ്ദേശിച്ചു.
കേസിൽ തുടരന്വേഷണത്തിന് സമയം നീട്ടി ചോദിച്ച് ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർദ്ദേശം. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയിട്ടുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി എ ഷാജി അറിയിച്ചു.
English summary;Actress assault case; The first version of the memory card will be presented in the High Court tomorrow
You may also like this video;