നടിയെ ആക്രമിച്ച കേസിൻ്റെ വിധിദിനത്തിൽ ഇന്നും തീരുമാനമായില്ല. കേസ് വീണ്ടും ഈ മാസം 25ന് പരിഗണിക്കാൻ കോടതി മാറ്റിവെച്ചു. 2017 ഫെബ്രുവരിയിൽ അങ്കമാലിയിൽ വെച്ച് ഓടുന്ന കാറിൽ നടിയെ തടഞ്ഞുനിർത്തി ആക്രമിക്കുകയും നഗ്നവീഡിയോ ചിത്രീകരിക്കുകയും ചെയ്തെന്നാണ് കേസ്. കുറ്റപത്രത്തിൽ ആകെ പത്ത് പ്രതികളാണുള്ളത്. പൾസർ സുനിയാണ് കേസിലെ ഒന്നാം പ്രതി. നടൻ ദിലീപ് എട്ടാം പ്രതിയാണ്. കേസിലെ പത്താം പ്രതിയെ മാപ്പുസാക്ഷിയാക്കിയിട്ടുണ്ട്.
സിനിമാ ലൊക്കേഷനിൽ നിന്നും മടങ്ങുകയായിരുന്ന നടിയെ പൾസർ സുനിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം തക്കംപാർത്ത് ആക്രമിക്കുകയായിരുന്നു. ഈ ആക്രമണം നടൻ ദിലീപ് നൽകിയ ക്വട്ടേഷന്റെ ഭാഗമായിരുന്നു എന്നാണ് അന്വേഷണ സംഘം പിന്നീട് കണ്ടെത്തിയത്. ഇത് തെളിയിക്കുന്ന നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന്റെ പക്കലുണ്ടെന്നാണ് സൂചന.

