നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധിക്ക് പിന്നാലെ അതിജീവിതക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് നടൻ പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് അതിജീവിതയുടെ കുറിപ്പ് പൃഥ്വിരാജ് പങ്കുവെച്ചത്. സുപ്രിയ മേനോനും ഇതേ പോസ്റ്റ് പങ്കുവെച്ചിരുന്നു. എപ്പോഴും അവളോടൊപ്പം എന്ന് കുറിച്ചുകൊണ്ടാണ് പിന്തുണ അറിയിച്ചത്.
‘ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷെ ഇക്കാര്യത്തിൽ നീതി പൂർണമായി നടപ്പായി എന്ന് പറയാൻ ആവില്ല. കാരണം കുറ്റം ചെയ്തവർ മാത്രമേ ഇപ്പൊൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവർ, അത് ആരായാലും, അവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണ്. അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണ്ണമാവുകയുള്ളൂ. പൊലീസിലും നിയമസംവിധാനത്തിലും ഞാനുൾപ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാൻ അതു കൂടി കണ്ടെത്തിയേ തീരൂ. ഇത് അവൾക്ക് വേണ്ടി മാത്രമല്ല. ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യർക്കും കൂടി വേണ്ടിയാണ്. അവർക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയർത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകണം. ഉണ്ടായേ തീരൂ. അന്നും, ഇന്നും, എന്നും അവൾക്കൊപ്പം.’ എന്നാണ് മഞ്ജു വാര്യർ സമൂഹമാധ്യങ്ങളിൽ കുറിച്ചത്.
പ്രതികരണവുമായി നടിന്മാരായ റിമ കല്ലിങ്കലും പാർവതി തിരുവോത്തും രമ്യ നമ്പീശനും എത്തിയിരുന്നു. അവള്‍ക്കൊപ്പം എന്നെഴുതിയ ബാനര്‍ പിടിച്ചു നില്‍ക്കുന്ന തന്റെ ചിത്രമാണ് റിമ പങ്കുവെച്ചിരിക്കുന്നത്. ‘എപ്പോഴും, മുമ്പത്തേക്കാളും ശക്തിയോടെ ഇപ്പോള്‍’ എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. ‘എന്ത് നീതി? സസൂക്ഷ്മം തയാറാക്കിയ തിരക്കഥ നിഷ്ഠൂരമായി ചുരുളഴിയുന്നതാണ് നമ്മളിപ്പോള്‍ കാണുന്നത്’ എന്നാണ് പാര്‍വതി കുറിച്ചത്. രമ്യ നമ്പീശനും അവള്‍ക്കൊപ്പം എന്നെഴുതിയ ബാനര്‍ ഇന്‍സ്റ്റയിൽ സ്റ്റോറിയായിട്ട് ഇട്ടിട്ടുണ്ട്.

