Site iconSite icon Janayugom Online

ഇരയാക്കപ്പെടലില്‍ നിന്ന് അതിജീവനത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല: താരസംഘടന മൗനം തുടരുമ്പോള്‍ വെളിപ്പെടുത്തലുകളുമായി നടി

actress revelationactress revelation

കേരളത്തെ ഞെട്ടിച്ച നടിയെ അക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തലുകളുണ്ടാകുമ്പോൾ പോരാട്ടവീര്യം നെഞ്ചിലേറ്റി പ്രതികരണവുമായി അക്രമിക്കപ്പെട്ട നടി രംഗത്ത്. ഇരയാക്കപ്പെടലിൽ നിന്നും അതിജീവതത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്ന് തുറന്നുപറഞ്ഞുകൊണ്ടാണ് നടിയുടെ പ്രതികരണം. താൻ അനുഭവിച്ച വേദനകൾ പങ്കുവെച്ചുകൊണ്ടും പ്രതികൾ ശിക്ഷിക്കപ്പെടുന്നതുവരെ പോരാട്ടം തുടരുമെന്നും വ്യക്തമാക്കിക്കൊണ്ടാണ് നടിയുടെ സാമൂഹികമാധ്യമത്തിലെ കുറിപ്പ്.

അഞ്ചുവർഷമായി തന്റെ പേരും വ്യക്തിത്വവും തനിക്ക് സംഭവിച്ച അതിക്രമത്തിനിടയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് താനല്ലെങ്കിലും തന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായി. എന്നാൽ അപ്പോഴൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ടുവന്നു. തനിക്ക് വേണ്ടി സംസാരിക്കാൻ, തന്റെ ശബ്ദം നിലയ്ക്കാതിരിക്കാൻ ഇന്ന് തനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ താൻ തനിച്ചല്ലെന്ന് തിരിച്ചറിയുന്നുവെന്ന് വ്യക്തമാക്കിയ നടി നീതി പുലരാനും തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാർക്കും ഉണ്ടാവാതിരിക്കാനും താൻ ഈ യാത്ര തുടർന്നുകൊണ്ടേയിരിക്കുമെന്നും പറയുന്നു. കൂടെ നിൽക്കുന്ന എല്ലാവരുടെയും സ്നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് ഇൻസ്റ്റഗ്രാമിലെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

നടിയുടെ കുറിപ്പ് പൊതുസമൂഹത്തിനൊപ്പം സിനിമാ ലോകവും ഏറ്റെടുത്തിട്ടുണ്ട്. പ്രമുഖ നടീ-നടൻമാരെല്ലാം കുറിപ്പ് പങ്കുവെക്കുകയും ചെയ്തു. ധൈര്യം എന്ന അടിക്കുറിപ്പോടെയായിരുന്നു പൃഥ്വിരാജ് കുറിപ്പ് പങ്കുവെച്ചത്. മഞ്ജുവാര്യര്‍, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ബാബുരാജ്, ആഷിക്ക് അബു, അന്ന ബെൻ, ആര്യ, സുപ്രിയ മേനോൻ, മൃദുല മുരളി, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, ഐശ്വര്യ ലക്ഷ്മി, ഫെമിന ജോർജ്, സ്മൃതി കിരൺ തുടങ്ങിയവരെല്ലാം നടിക്ക് ഐക്യദാർഢ്യം അറിയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

നടിയെ അക്രമിച്ച കേസിൽ താരസംഘടന മൗനം തുടരുമ്പോഴാണ് യുവതാരങ്ങൾ ഉൾപ്പെടെ ഇക്കാര്യത്തിൽ കൃത്യമായ നിലപാടുമായി എത്തിയതെന്നതും ശ്രദ്ധേയമാണ്. വരും ദിവസങ്ങളിൽ സംഘടനയിൽ തന്നെ വലിയ പ്രതിഷേധങ്ങളിലേക്ക് ഇക്കാര്യം വഴിവെക്കുമെന്നുറപ്പാണ്. നേരത്തെയും ദിലീപിന് അനുകൂലമായ നിലപാടായിരുന്നു സംഘടന സ്വീകരിച്ചിരുന്നത്. അക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന് പറയുമ്പോഴും ദിലീപിന് അനുകൂലമായ നിലപാടായിരുന്നു സംഘടനയുടേത്. പിന്നീട് ജൂലൈ പത്തിന് ദിലീപിനെ അറസ്റ്റു ചെയ്തതോടെ അദ്ദേഹത്തെ പുറത്താക്കിയതായി താരസംഘടന പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ പുറത്തിറങ്ങിയ നടൻ വീണ്ടും സംഘടനയിൽ ആധിപത്യം നേടിയെടുത്തു. പുതിയ നിരവധി ചിത്രങ്ങളാണ് ദിലീപിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഇതിനിടയിലാണ് പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്നത്.

2017 ഫെബ്രുവരി 17 നായിരുന്നു കേസിനാസ്പദമായ സംഭവം. തൃശ്ശൂർ നഗരത്തിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രാമധ്യേ നടി ക്രൂരമായി അക്രമിക്കപ്പെടുകയായിരുന്നു. കാറിനകത്ത് വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നും നടിയുടെ പരാതിയിലുണ്ട്. സംഭവത്തിൽ സംശയത്തിന്റെ നിഴലിലായിരുന്ന നടൻ ദിലീപിനെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. നടിക്ക് ഐക്യദാർഢ്യവുമായി കൊച്ചിയിൽ നടന്ന യോഗത്തിൽ ഉൾപ്പെടെ പങ്കെടുത്ത വ്യക്തികൂടിയായിരുന്നു ദിലീപ്. കേസിൽ ദിലീപിനെ വെള്ളപൂശാൻ ചില വനിതാ മാധ്യമങ്ങൾ ഉൾപ്പെടെ നീക്കം നടത്തുമ്പോഴാണ് കേരളത്തെ വീണ്ടും ഞെട്ടിച്ച് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ ഉണ്ടാവുന്നത്. സിനിമാ ചർച്ചകൾക്കായി ദിലീപിന്റെ വീട്ടിലെത്തിയപ്പോൾ പൾസർ സുനിയെ അവിടെ കണ്ടിരുന്നുവെന്നും കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ അവിടെ ഗൂഡാലോചന നടന്നുവെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തി. ദിലീപിന് സ്വന്തമായി ഗുണ്ടാ സംഘം ഉണ്ടെന്നുൾപ്പെടെയുള്ള വെളിപ്പെടുത്തലുകൾ താരത്തിന്റെ മറ്റൊരു മുഖമാണ് വെളിച്ചത്ത് കൊണ്ടുവരുന്നത്.

Eng­lish Sum­ma­ry: actress Insta­gram post on attack

You may like this video also

Exit mobile version