യൂട്യൂബേഴ്സിന്‍റെ സൈബർ ആക്രമണങ്ങളും അധിക്ഷേപ ഉള്ളടക്കവും കാരണം മാനസിക സമ്മർദത്തിലാണെന്ന് സീരിയൽ നടി രേഖ രതീഷ് മുഖ്യമന്ത്രിക്ക് പരാതി നൽകി. ഇൻസ്റ്റഗ്രാം വിഡിയോ വഴിയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ചില യൂട്യൂബേഴ്സ് മോശം കാപ്ഷനുകളും മറ്റും നൽകി അപകീർത്തിപ്പെടുത്തുന്നു എന്നും ഇതുണ്ടാക്കുന്ന മാനസിക സമ്മർദം താങ്ങാൻ കഴിയുന്നില്ലെന്നും രേഖ തുറന്ന് പറഞ്ഞിരുന്നു. താൻ മാത്രമല്ല, സഹതാരങ്ങളും സമാന പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും ഇതിനെതിരെ മുഖ്യമന്ത്രിയും സർക്കാറും നടപടി സ്വീകരിക്കണം എന്നുമായിരുന്നു രേഖ ആവശ്യപ്പെട്ടത്.
തന്നെ മാനസികമായി തളർത്തിയ യൂട്യൂബ് ചാനലുകളുടെ പേരുകളും താരം പറയുന്നുണ്ട്. മറുനാടന്‍ മലയാളി, എബ ഡിബേറ്റ്, സിനി ലൈഫ്, കക്കിരി ആൻഡ് ഫാമിലി തുടങ്ങിയ ചാനലുകളുടെ പേരാണ് താരം വെളിപ്പെടുത്തിയത്. അതേസമയം രേഖക്ക് പിന്തുണ അറിയിച്ച് നിരവധി പേരാണ് കമന്‍റ് ചെയ്തിരിക്കുന്നത്. ഇത്തരം യൂട്യൂബ് ചാനലുകളെ ആളുകൾ ബഹിഷ്കരിക്കണമെന്നും കമന്‍റുകൾ വന്നു.
രേഖ വിഡിയോയിൽ പറയുന്നത്..
എന്നെ സപ്പോര്‍ട്ട് ചെയ്ത എല്ലാ മനുഷ്യര്‍ക്കും ഒരായിരം നന്ദി ഞാൻ രേഖപ്പെടുത്തുന്നു. ഇത്രയും പേര്‍ എനിക്ക് വേണ്ടി ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചതല്ല. ഒരുപാട് സന്തോഷം തോന്നി. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ സാറിനും പ്രദീപ് സാറിനും ശശി സാറിനും പ്രത്യേകം നന്ദി അറിയിക്കുന്നു. ഇന്നലെ മൂന്ന് മണിക്ക് ഞാന്‍ സി. എം ഓഫീസില്‍ ചെന്നു. എന്‍റെ പരാതികള്‍ അവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ പ്രിയപ്പെട്ട യുട്യൂബേഴ്സ്, ഞാന്‍ എല്ലാ യുട്യൂബേഴ്സെന്നും പറഞ്ഞിട്ടില്ല. ഒരു കൂട്ടം യുട്യൂബേഴ്സ് എന്നാണ് പറഞ്ഞിരിക്കുന്നത്. അപ്പോഴത്തെ മാനസികാവസ്ഥ എന്നെ അങ്ങനെയാകാം പറയിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. അതാരെയെങ്കിലും നോവിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു.

