അമെച്ചര്‍, പ്രൊഫഷണല്‍ നാടക- സീരിയല്‍ നടി സത്യാ രാജന്‍ (പിപി സത്യവതി-66) അന്തരിച്ചു. മസ്തിഷ്‌കമുഴയെത്തുടര്‍ന്നുള്ള ശസ്ത്രക്രിയയ്ക്കുശേഷം ഒന്നരമാസത്തോളം അബോധാവസ്ഥയിലായിരുന്നു. വേങ്ങേരി വരമ്പിലെ ‘പൊന്നി’ എന്ന വീട്ടിലായിരുന്നു താമസം.
വേങ്ങേരി പടിഞ്ഞാറെപുരയ്ക്കല്‍ അധ്യാപകനായ ഗോവിന്ദന്റെയും അമ്മാളുക്കുട്ടിയുടെയും മകളായ സത്യവതി പതിമ്മൂന്നാംവയസ്സില്‍ വേങ്ങേരി പുതുയുഗ കലാവേദിയുടെ ‘തിളങ്ങുന്ന കണ്ണുകള്‍’ എന്ന നാടകത്തിലൂടെയാണ് അരങ്ങിലെത്തിയത്. തുടര്‍ന്ന് അയ്യായിരത്തോളം വേദികളില്‍ അവര്‍ വേഷമിട്ടു.
കുതിരവട്ടം പപ്പു, നെല്ലിക്കോട് ഭാസ്‌കരന്‍, മാമുക്കോയ, ടി. സുധാകരന്‍, രാജന്‍ പാടൂര്‍, കെ.പി.എ.സി. സുലോചന തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ചു. കെ.ടി. മുഹമ്മദ്, ജയപ്രകാശ് കുളൂര്‍, സുന്ദരന്‍ കല്ലായി, സഹദേവന്‍ മക്കട, മനോജ് നാരായണന്‍, ജയന്‍ തിരുമന, രാജീവന്‍ മമ്മിളി, റങ്കൂണ്‍ റഹ്‌മാന്‍, കെ.ടി. രവി, സുന്ദരന്‍ കല്ലായി, സതീഷ് കെ. സതീഷ്, എ. ശാന്തകുമാര്‍, വില്‍സണ്‍ സാമുവല്‍ തുടങ്ങിയവര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു.
കാദംബരി തിയേറ്റേഴ്സ്, വടകര വരദ, ഷൊര്‍ണൂര്‍ സ്വാതി, കോഴിക്കോട് സൗമ്യസ്വര, സംഘചേതന, ഖാന്‍ കാവില്‍ നിലയം, കലാനിപുണ, സോമ, ചിരന്തന, വടകര രംഗമിത്ര തുടങ്ങിയവ ഉള്‍പ്പെടെ പത്തോളം നാടകസമിതികളുടെ നാടകങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. വളയനാട് കലാസമിതിയുടെ അഖിലകേരള നാടകമത്സരത്തിലെ മികച്ച നടിക്കുള്ള പുരസ്‌കാരം ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചു.
ഭര്‍ത്താവ്: വി.പി. രാജന്‍ (റിട്ട. കണ്ടക്ടര്‍). മകള്‍: ദിവ്യ (ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ജീവനക്കാരി). മരുമകന്‍: നിഖില്‍ (ഹൈലൈറ്റ് ബില്‍ഡേഴ്സ് ജീവനക്കാരന്‍). സഹോദരങ്ങള്‍: നാടകകൃത്ത് സുകുമാരന്‍ വേങ്ങേരി, നാടകനടന്‍ ശ്രീനിവാസന്‍ വേങ്ങേരി (ഇരുവരും പരേതര്‍), സുരേന്ദ്രന്‍ (റിട്ട. കണ്ടക്ടര്‍, പന്തീരാങ്കാവ്), യതീന്ദ്രന്‍ (പാലക്കാട്), ജയശ്രീ (മലാപ്പറമ്പ്).
English summary; Actress Sathya Rajan passed away
You may also like this video;