Site iconSite icon Janayugom Online

നടിയുടെ പീഡന പരാതി; നടന്‍ വിജയ് ബാബു കൊച്ചിയിലേക്കുള്ള ടിക്കറ്റ് റദ്ദാക്കി

യുവനടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ വിജയ് ബാബു കൊച്ചിയിലേക്കുള്ള ടിക്കറ്റ് റദ്ദാക്കി. ദുബായില്‍ നിന്നെത്തുന്ന എമിറേറ്റ്‌സ് വിമാന ടിക്കറ്റാണ് വിജയ് ബാബു റദ്ദാക്കിയത്. വിജയ് ബാബുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് മടക്കയാത്ര റദ്ദാക്കിയത്. 

അതേസമയം കേസില്‍ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിജയ് ബാബു ഇന്ന് രാവിലെയോടെ കൊച്ചിയിലെത്തുമെന്നായിരുന്നു മുമ്പ് അഭിഭാഷകന്‍ അറിയിച്ചിരുന്നത്. നാട്ടില്‍ തിരിച്ചെത്തിയാലുടന്‍ അറസ്റ്റ് രേഖപ്പെടുത്താനായിരുന്നു പൊലീസ് തീരുമാനം. ജാമ്യ ഹര്‍ജി നിലനിര്‍ത്തിയാല്‍ ഈ മാസം 30 ന് തിരിച്ചെത്താമെന്ന് വിജയ് ബാബു കോടതിയെ മുമ്പ് അറിയിച്ചിരുന്നു. 

കേസെടുത്തത് അറിയാതെയാണ് താന്‍ രാജ്യം വിട്ടതെന്നും വിജയ് ബാബു കോടതിയില്‍ വാദിച്ചിരുന്നു. അതേസമയം വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. പരാതിക്കാരിയും വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. വിദേശത്തുള്ള വിജയ് ബാബു, മെയ് 30 ന് നാട്ടിലെത്തുമെന്ന് വ്യക്തമാക്കി യാത്രാരേഖകള്‍ സമര്‍പ്പിച്ചതോടെയാണ് ജസ്റ്റിസ് പി.ഗോപിനാഥ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ തയാറായത്.

Eng­lish Summary:Actress’s harass­ment com­plaint; Actor Vijay Babu can­cels tick­et to Kochi
You may also like this video

YouTube video player
Exit mobile version