Site iconSite icon Janayugom Online

ഗാസയിലെ യഥാര്‍ത്ഥ മരണസംഖ്യ ആറ് ലക്ഷത്തിലധികം: യുഎന്‍

ഇസ്രായേൽ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക മരണസംഖ്യ 6,80,000 വരെയാകാമെന്ന് ഐക്യരാഷ്ട്ര സഭ (യുഎന്‍). അക്കാദമിക് വിദഗ്ധരുടെയും ശാസ്ത്രജ്ഞരുടെയും സ്വതന്ത്ര പഠനങ്ങളെയും അടിസ്ഥാനമാക്കിയാണ് മരണസംഖ്യ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനേക്കാള്‍ വളരെ കൂടുതലാണെന്ന് യുഎന്‍ പ്രത്യേക റിപ്പോർട്ടർ ഫ്രാൻസെസ്ക അൽബനീസ് വ്യക്തമാക്കിയത്. മരണസംഖ്യയില്‍ 3,80,000 പേർ അഞ്ച് വയസിന് താഴെയുള്ള കുട്ടികളാണെന്ന് കണക്കാക്കപ്പെടുന്നു. ഇത് ഇസ്രയേല്‍ വംശഹത്യയുടെ വിനാശകരമായ വ്യാപ്തിയും ഏറ്റവും ദുർബലരായ ജനവിഭാഗങ്ങളിൽ അതിന്റെ അനുപാതമില്ലാത്ത പ്രത്യാഘാതങ്ങളെയും വെളിപ്പെടുത്തുന്നു. 

ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ തകർച്ച, അടിസ്ഥാന സൗകര്യങ്ങളുടെ വൻ നാശം, ഗാസയിൽ സംഭവിക്കുന്ന എല്ലാ മരണങ്ങളും ശരിയായി രേഖപ്പെടുത്താൻ കഴിയാത്തത് എന്നിവ മരണസംഖ്യ കുറവ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് കാരണമാകും. പലസ്തീൻ മണ്ണിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തത്തിന് കൃത്യമായ കണക്കുകൾ ലഭിക്കുന്നതിന് തടസം സൃഷ്ടിക്കാന്‍ ഇസ്രയേല്‍ ഭരണകൂടം സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് അൽബനീസ് ചൂണ്ടിക്കാട്ടി. പലസ്തീൻ പ്രതിസന്ധിയെ അന്താരാഷ്ട്ര സമൂഹം വേണ്ടവിധം പരിഗണിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. അധിനിവേശവും ഇസ്രയേല്‍ ഭരണകൂട നയങ്ങളും ദീര്‍ഘകാലം നിലനില്‍ക്കുന്ന അക്രമത്തിന്റെ ഒരു ചക്രം സൃഷ്ടിച്ചിട്ടുണ്ടെന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണെന്നും അല്‍ബനീസ് പറഞ്ഞു. 

ഗാസ ഏതാണ്ട് പൂർണമായും നശിപ്പിക്കപ്പെട്ടു. അതിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ 66 ശതമാനത്തിലധികം തകര്‍ന്നു. ഗാസ നഗരത്തിൽ, നാശത്തിന്റെ തോത് 70 മുതല്‍ 75% വരെയാണ്. കെട്ടിടങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ, റോഡുകൾ തുടങ്ങിയ അവശ്യ സേവന ശൃംഖല നിരന്തരമായ ആക്രമണത്തില്‍ തകര്‍ന്നു. അന്താരാഷ്ട്ര നിരീക്ഷകർക്കോ സാങ്കേതിക പരിശീലനം ലഭിച്ച രക്ഷാപ്രവർത്തകർക്കോ പ്രവേശനം അനുവദിക്കാതെ, അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നത് അസാധ്യമാണ്. രക്ഷാപ്രവര്‍ത്തകരെ തടഞ്ഞും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന ഉപകരണങ്ങള്‍ക്ക് അനുമതി നല്‍കാതെയും ഗാസയിലെ യഥാര്‍ത്ഥ മരണസംഖ്യ പുറത്തുവരാതിരിക്കാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നത്. 

Exit mobile version