ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിഘോഷത്തിനിടയിലും ചങ്ങാത്ത മുതലാളിമാരുടെ ലാഭക്കച്ചവടത്തിന് ആവശ്യമായതെല്ലാം നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ചെയ്യുന്നുണ്ട്. അഡാനിമാരുടെ ആയുധ നിർമ്മാണക്കമ്പനികളിലെ ഉല്പന്നങ്ങൾ വിറ്റുപോവുകയെന്നത് തങ്ങളുടെ കൂടി ഉത്തരവാദിത്തമെന്ന നിലയിലാണ് മോഡിയും കേന്ദ്ര സർക്കാരും ഇന്ത്യയുടെ വിദേശ നയത്തെ പോലും ഇപ്പോൾ രൂപപ്പെടുത്തുന്നത്. പലസ്തീനിലെ സാധാരണ മനുഷ്യരെ കൂട്ടക്കുരുതി നടത്തി ആഹ്ലാദനൃത്തം ചവിട്ടുന്ന ഇസ്രയേലിലേക്ക് ഇന്ത്യ ആയുധക്കയറ്റുമതി നടത്തിയെന്ന വാർത്തയാണ് ഇതിൽ ഒടുവിലത്തേത്. ഒക്ടോബറിൽ ഇസ്രയേൽ ആരംഭിച്ച കൂട്ടക്കുരുതിയുടെ ഫലമായുള്ള നാശനഷ്ടങ്ങൾ ഓരോ ദിവസവും വർധിക്കുകയാണ്. മരിച്ച പലസ്തീനികളുടെ എണ്ണം 35,500 കവിഞ്ഞു. അതിലാകട്ടെ 14,500 പേര്‍ കുട്ടികളായിരുന്നു. ആശുപത്രികളും അഭയകേന്ദ്രങ്ങളും വരെ ബോംബിട്ടു തകർക്കുന്ന കിരാതനടപടികളാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്ന് തുടരുന്നത്. ഇത്രയും ക്രൂരമായ യുദ്ധക്കുറ്റകൃത്യങ്ങൾ നടത്തുന്നുവെന്നതു കൊണ്ടാണ് ലോകരാഷ്ട്രങ്ങൾ ഇസ്രയേലിനോട് വെടിനിർത്തൽ ആവശ്യപ്പെട്ടിരിക്കുന്നത്. ആ രാജ്യത്തോട് പലപ്പോഴും അനുകൂല സമീപനങ്ങളും അനുഭാവനടപടികളും സ്വീകരിക്കുന്ന രാജ്യങ്ങൾക്കുപോലും ഇപ്പോൾ ആഗോള സമ്മർദത്തെ തുടർന്ന് നിലപാട് മാറ്റേണ്ടിവന്നിരിക്കുന്നു. അവിടെ വംശഹത്യയാണ് നടക്കുന്നതെന്ന് വിശ്വസിക്കുന്നില്ലെന്നാണ് യുഎസ് നിലപാടെങ്കിലും അവർ കടുത്ത ഭാഷയിൽ ഇസ്രയേലിനെ വിമർശിക്കുന്നു. നിരപരാധികളായ പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കാൻ ഇസ്രയേൽ കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ഇന്നലെയാണ് പറഞ്ഞത്. എന്നാൽ ഇതുവരെ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയിൽ നിന്ന് ഇസ്രയേലിനെതിരെ കടുത്ത ഭാഷയിലുള്ള വിമർശനമുണ്ടായിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
പലസ്തീനെതിരായ ഇസ്രയേലിന്റെ അതിക്രമങ്ങൾ ആരംഭിച്ച ഘട്ടത്തിൽ അന്താരാഷ്ട്ര വേദികളിൽ ഇന്ത്യ പലപ്പോഴും വിട്ടുനിൽക്കുക എന്ന സമീപനമാണ് സ്വീകരിച്ചത്. ഇസ്രയേലിനെ പിണക്കാൻ താല്പര്യമില്ലെന്നതായിരുന്നു അതിനുള്ള കാരണം. ലോകത്തെ മഹാഭൂരിപക്ഷം രാജ്യങ്ങളും പലസ്തീനോടുള്ള ഇസ്രയേലിന്റെ ക്രൂരമായ നിലപാടിന്റെ പേരിൽ അകറ്റിനിർത്തുമ്പോഴും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ക്ഷണിച്ചുകൊണ്ടുവന്ന നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ നിന്ന് മറിച്ചൊന്ന് പ്രതീക്ഷിക്കേണ്ടതില്ല. എങ്കിലും കൂട്ടക്കുരുതിയും നാശനഷ്ടങ്ങളും ശക്തമായപ്പോൾ, ആഗോളസമ്മർദം ഇസ്രയേലിനെതിരാണെന്ന് വന്നപ്പോൾ കഴിഞ്ഞ ഡിസംബർ 12ന് ഗാസയിൽ ഉടൻ വെടിനിർത്തലിനുള്ള യുഎൻ ജനറൽ അസംബ്ലി പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യാൻ ഇന്ത്യ സന്നദ്ധമായി. എന്നാൽ ഏപ്രിൽ അഞ്ചിന് ഗാസയിൽ ഉടനടി വെടിനിർത്തലിനും ഇസ്രയേലിനെതിരെ ആയുധ ഉപരോധത്തിനും ആഹ്വാനം ചെയ്യുന്ന യുഎൻ മനുഷ്യാവകാശ കൗൺസിൽ (യുഎൻഎച്ച്ആർസി) പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന 13 രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ നിലപാട് മാറ്റുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് എന്തുകൊണ്ട് ഈ ഇരട്ടത്താപ്പ് എന്ന് പരിശോധിക്കേണ്ടിവരുന്നത്. അതിന് ലഭിക്കുന്ന ഉത്തരം അടുത്ത ദിവസങ്ങളിൽ പുറത്തുവന്ന ആയുധക്കച്ചവടത്തിന്റെ വാർത്തകളാണ്. അഡാനി ഡിഫൻസ് ആന്റ് എയ്റോസ്പേസ്, ഇസ്രയേലിന്റെ എൽബിറ്റ് സിസ്റ്റംസ് എന്നിവയുടെ ഹൈദരാബാദ് ആസ്ഥാനമായുള്ള സംയുക്ത സംരംഭമായ അഡാനി-എൽബിറ്റ് അഡ്വാൻസ്ഡ് സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡിൽ നിന്ന് നിർബാധമുള്ള ആയുധക്കയറ്റുമതി ഇസ്രയേലിലേയ്ക്ക് നടക്കുന്നുവെന്നാണ് വാർത്തയിലുള്ളത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇതുസംബന്ധിച്ച് ആഗോളമാധ്യമങ്ങൾ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. യുഎവികൾ/ഡ്രോണുകൾ എന്നിവയാണ് കയറ്റുമതി ചെയ്തത്.
ഇതുകൂടി വായിക്കൂ: ആനന്ദ ബോസിനെ നയിക്കുന്നത് ബിജെപി-സംഘ്പരിവാര്‍ ജെെവാവസ്ഥ
ലോക രാജ്യങ്ങൾ ഇസ്രയേലിന് ആയുധം കയറ്റുമതി ചെയ്യരുതെന്ന അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ) തീരുമാനം വന്നതിന് പിറകെയാണ് അഡാനിയുടെ ആയുധ നിർമ്മാണകമ്പനി ആ രാജ്യത്തേയ്ക്ക് വൻതോതിലുള്ള കയറ്റുമതി നടത്തിയത്. ഇതിന് പുറമേ കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരം കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ മ്യൂണിഷൻസ് ഇന്ത്യ ലിമിറ്റഡും (ഐഎംഎൽ) ആയുധക്കയറ്റുമതി നടത്തിയെന്നാണ്. മോർട്ടാർ റോക്കറ്റ്, ഗ്രനേഡ് എന്നിവയാണ് പ്രധാനമായും ഐഎംഎൽ ഉല്പാദിപ്പിക്കുന്നത്. പലസ്തീനിൽ ഇസ്രയേൽ നാശം വിതയ്ക്കുന്ന യുദ്ധോപകരണങ്ങളിൽ ഇന്ത്യയിൽ ഉല്പാദിപ്പിക്കുന്ന ആയുധങ്ങളുണ്ട് എന്നത് 140 കോടി ഇന്ത്യക്കാർക്കും നാണക്കേടാണ്. പക്ഷേ 140 കോടിയില്‍ മോഡിയും കൂട്ടരും ഉൾപ്പെടാത്തത് കച്ചവടം നടത്തുന്നത് പ്രതിരോധവകുപ്പിന് കീഴിലുള്ള ഐഎംഎൽ ആയതുകൊണ്ടല്ല. മറിച്ച് അഡാനിയുമായി ചേർന്നുള്ള സംയുക്ത സംരംഭമായതുകൊണ്ടാണ്. അഡാനിയുടെ ആയുധക്കച്ചവടത്തിന് തടസമുണ്ടാകരുത് എന്നതുകൊണ്ടാണ് ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളും ഇസ്രയേലിനെതിരെ നിലപാടെടുക്കുമ്പോഴും ചാഞ്ചാട്ടമുണ്ടാകുന്ന സമീപനങ്ങൾ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ചങ്ങാത്ത മുതലാളിത്ത കൂട്ടുകെട്ടിനിടയിൽ മനുഷ്യത്വവും മനുഷ്യാവകാശങ്ങളും ഒന്നുമല്ലെന്നാണ് ഈ സമീപനത്തിലൂടെ മോഡിയും കേന്ദ്ര സർക്കാരും തെളിയിക്കുന്നത്.