Site icon Janayugom Online

പ്രതിസന്ധി ഒഴിവാക്കി അഡാനി

ഓഹരി തുടര്‍ വില്പന (എഫ്‌പിഒ)യെ ചെറുകിട നിക്ഷേപകര്‍ കൈവിട്ടെങ്കിലും വന്‍ പ്രതിസന്ധി ഒഴിവാക്കി അഡാനി ഗ്രൂപ്പ്. അഡാനി എന്റര്‍പ്രൈസസിന്റെ എഫ്‌പിഒയില്‍ പൂര്‍ണമായും സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. 4.55 കോടി ഓഹരികളാണ് എഫ്‌പിഒയില്‍ വില്പനക്കെത്തിയത്. ആകെ അഞ്ച് കോടി ഓഹരികള്‍ക്കുള്ള അപേക്ഷകള്‍ ലഭിച്ചതായി കമ്പനി അറിയിച്ചു.
നോണ്‍-ഇന്‍സ്റ്റിറ്റ്യൂഷണല്‍ നിക്ഷേപ വിഭാഗത്തില്‍ 3.26 മടങ്ങ് അപേക്ഷകള്‍ എത്തിക്കാന്‍ കഴിഞ്ഞതോടെയാണ് അഡാനി താല്‍ക്കാലികമായി രക്ഷപ്പെട്ടത്. എന്നാല്‍ റീട്ടെയില്‍ നിക്ഷേപകരുടെ വിഹിതം വെറും 11 ശതമാനത്തില്‍ ഒതുങ്ങി. ജീവനക്കാര്‍ക്കായി നീക്കിവെച്ച ഓഹരികളില്‍ 52 ശതമാനത്തിന് മാത്രമേ അപേക്ഷ ലഭിച്ചിട്ടുള്ളു. 

ഇന്‍സ്റ്റിറ്റ്യൂഷണല്‍ നിക്ഷേപകരുടെ വിഭാഗത്തില്‍ 97 ശതമാനം അപേക്ഷകരുണ്ടായി ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ നിക്ഷേപകരുടെ വിഹിതം 1.26 മടങ്ങ് സബ്‌സ്‌ക്രൈബ് ചെയ്തു. ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള ഭാഗം നേരത്തെതന്നെ സബ്സ്‌ക്രൈബ് ചെയ്തിരുന്നു.
ഓഹരിവിലയില്‍ കൃത്രിമം നടക്കുന്നുവെന്ന് ആരോപിക്കുന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അഡാനി എന്റര്‍പ്രൈസസ് എഫ്‌പിഒ പരാജയപ്പെടുമെന്ന ആശങ്ക ശക്തമായിരുന്നു. ഈ സാഹചര്യത്തില്‍ എഫ്‌പിഒ പൂര്‍ണമായും സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത് അഡാനി ഗ്രൂപ്പിന്റെ മറ്റ് ഓഹരികള്‍ക്കും ആശ്വാസമായെങ്കിലും വിലയില്‍ ചാഞ്ചാട്ടമായിരുന്നു ഇന്നലെയും ദൃശ്യമായത്. അതിനിടെ ഇന്നലെ ഇസ്രയേലിലെ ഹഫിയ പോര്‍ട്ട് ഏറ്റെടുക്കുന്ന കരാറും അഡാനി ഗ്രൂപ്പ് പൂര്‍ത്തിയാക്കി.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെതുടര്‍ന്ന് അഡാനി ഗ്രൂപ്പിന് ഇതുവരെ അഞ്ചുലക്ഷം കോടിയിലേറെ വിപണി മൂലധനം നഷ്ടമായിട്ടുണ്ട്. ഇതോടെ ലോകത്തെ പ്രധാന ഓഹരി വിപണികളില്‍ അഞ്ചാം സ്ഥാനത്തുനിന്നും ഇന്ത്യ ഒരുപടി താഴേക്കിറങ്ങുകയും ചെയ്തു. 3.20 ലക്ഷം കോടി ഡോളര്‍ വിപണി മൂല്യമുള്ള ഇന്ത്യയെ മറികടന്ന് ഫ്രാന്‍സ് അഞ്ചാം സ്ഥാനത്തെത്തി.
അതേസമയം ഏഴാം സ്ഥാനത്തുള്ള യുകെയുമായി 100 ബില്യണ്‍ ഡോളറിന്റെ വ്യത്യാസം മാത്രമേ ഇന്ത്യയ്ക്കുള്ളൂ. അഡാനി ഗ്രൂപ്പിന്റെ തകര്‍ച്ച ഇനിയും തുടര്‍ന്നാല്‍ ആറാം സ്ഥാനവും ഇന്ത്യയ്ക്ക് നഷ്ടമാകും. 

Eng­lish Sum­ma­ry: Adani avoid­ed the crisis

You may also like this video

Exit mobile version