മഹാരാഷ്ട്രയിൽ ബിജെപിയും എൻസിപിയും (അജിത് പവാർ) തമ്മിലുള്ള സംഖ്യത്തിന് പിന്നിലെ ബുദ്ധികേന്ദ്രം ഗൗതം അഡാനിയെന്ന് വെളിപ്പെടുത്തി അജിത് പവാർ. ദ ന്യൂസ് മിനിറ്റിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായും അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത ദിവസത്തെ സംഭവങ്ങളെപ്പറ്റിയാണ് അദ്ദേഹം വെളിപ്പെടുത്തൽ നടത്തിയത്. അമിത് ഷാ, പ്രഫുൽ പട്ടേൽ, ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവരും സാക്ഷാല്‍ ശരദ് പവാറും അന്നത്തെ യോഗത്തിൽ പങ്കെടുത്തിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടി പ്രവർത്തകനെന്ന നിലയിൽ നേതാവ് (ശരദ് പവാർ) പറയുന്നത് മാത്രമാണ് താൻ അന്ന് പിന്തുടര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം അഡാനി ഗ്രൂപ്പിന്റെ വക്താവ് അജിത് പവാറിന്റെ വെളിപ്പെടുത്തൽ നിഷേധിച്ച് രംഗത്തെത്തി. തെരഞ്ഞെടുപ്പ് സമയത്തെ അജിത് പവാറിന്റെ വെളിപ്പെടുത്തൽ മഹാരാഷ്ട്രയിൽ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. മഹാരാഷ്ട്രയിൽ ബിജെപിയെ അധികാരത്തിലെത്തിക്കാൻ ഒരു വ്യവസായി ഇടനിലക്കാരനായി പ്രവർത്തിച്ചത് ജനാധിപത്യ വിരുദ്ധമാണെന്ന് ശിവസേന (ഉദ്ധവ് വിഭാഗം) പറഞ്ഞു. സംഭവത്തിൽ കോൺഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, ഇത്തരം കൂടിക്കാഴ്ചയെപ്പറ്റി അറിവില്ലെന്ന് എൻസിപി ശരത് പവാർ വിഭാഗം നേതാവ് സുപ്രിയ സുലേ പറഞ്ഞു. അജിത് പവാർ പറയുന്ന കൂടിക്കാഴ്ച 2017ലാണ് നടന്നതെന്ന് ബിജെപി വൃത്തങ്ങൾ പറയുന്നു.
എംവിഎ സഖ്യം അധികാരത്തിലേറുമെന്ന സാഹചര്യത്തിലാണ് ഫഡ്നാവിസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും പാതിരാത്രിയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. എന്നാല്‍ 80 മണിക്കൂര്‍ മാത്രമായിരുന്നു അട്ടിമറിയുടെ ആയുസ്. അജിത് പക്ഷത്തേക്ക് പോയ എംഎൽഎമാരിൽ ഭൂരിഭാഗവും ശരദ് പവാര്‍ പക്ഷത്തേക്ക് മടങ്ങിയെത്തിയതോടെ ഇരുവരും രാജിവച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, അവിഭക്ത എൻസിപിയും ശിവസേനയും കോൺഗ്രസുമായി ചേർന്ന് മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ചു. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം എന്‍സിപിയെയും ശിവസേനയെയും പിളര്‍ത്തി മഹായുതി സഖ്യം രൂപീകരിച്ച് ബിജെപി അധികാരം നേടുകയും ചെയ്തു.