Site icon Janayugom Online

അഡാനി തകര്‍ന്നടിയുന്നു; അഞ്ചു ദിവസം കൊണ്ട് നഷ്ടം 10,000 കോടി ഡോളര്‍

adani

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ ആഘാതത്തില്‍ നിന്നും കരകയറാനാകാതെ അഡാനി ഗ്രൂപ്പ് ഓഹരികള്‍. ഓഹരികളില്‍ നഷ്ടം രേഖപ്പെടുത്തിയതോടെ അഡാനി കമ്പനികളുടെ വിപണി മൂല്യത്തിന്റെ നഷ്ടം 10,000 കോടി ഡോളര്‍ കവിഞ്ഞു. അഡാനി ഓഹരികളുടെ വിപണി മൂല്യം 19.2 ലക്ഷം കോടി രൂപയിൽ നിന്ന് ഇന്നലെ രാവിലെ 10.89 ലക്ഷം കോടിയായാണ് ഇടിഞ്ഞത്.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷമുള്ള തുടര്‍ച്ചയായ ആറ് വ്യാപാര ദിനങ്ങളില്‍ മാത്രം അഡാനിയുടെ കീഴിലുള്ള 10 കമ്പനികളുടെ നഷ്ടമാണിത്. അഡാനി എന്റര്‍പ്രൈസസിന്റെ 20,000 കോടിയുടെ അനുബന്ധ ഓഹരി വില്പന കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ചൊവ്വാഴ്ച അഡാനി എന്റര്‍പ്രൈസസിന്റെ മുഴുവന്‍ ഓഹരികളും സബ്സ്ക്രൈബ് ചെയ്യപ്പെട്ടതിനു പിന്നാലെയായിരുന്നു പ്രഖ്യാപനം. നിക്ഷേപകരുടെ താല്പര്യം കണക്കിലെടുത്താണ് എഫ്‌പിഒ ഉപേക്ഷിച്ചതെന്നായിരുന്നു അഡാനി ഗ്രൂപ്പിന്റെ പ്രതികരണം.

ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ അഡാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ 26.7 ശതമാനം നഷ്ടം രേഖപ്പെടുത്തി. അഡാനി ടോട്ടൽ ഗ്യാസ്, അഡാനി ഗ്രീൻ എനർജി, അഡാനി ട്രാൻസ്മിഷൻ എന്നിവ ലോവർ സർക്യൂട്ടായ 10 ശതമാനത്തിലേക്ക് ഇടിഞ്ഞു. എൻഡിടിവി, അഡാനി പവർ, അഡാനി വിൽമർ എന്നിവയും അഞ്ച് ശതമാനത്തിന്റെ ലോവർ സർക്യൂട്ടിലേക്ക് ഇടിഞ്ഞു. അഡാനി പോർട്ട്സ് 6.60 ശതമാനം, എസിസി 0.28 ശതമാനം എന്നിങ്ങനെയാണ് ഇടിവ് രേഖപ്പെടുത്തിയത്. അതേസമയം അംബുജ സിമന്റ്സ് 5.52 ശതമാനം നേട്ടമുണ്ടാക്കി.

ഓഹരികളിലെ തുടര്‍ച്ചയായ ഇടിവ് ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന സ്ഥാനം അഡാനിക്ക് നഷ്ടമാക്കിയിരുന്നു. ഫോബ്‌സിന്റെ ലോക സമ്പന്നരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തായിരുന്ന അഡാനി 16-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. നിലവില്‍ അഡാനിയുടെ ആസ്തി 6900 കോടി ഡോളറാണ്. എൻഎസ്ഇ നിഫ്റ്റി 0.03 ശതമാനം നഷ്ടത്തിൽ 17,610ലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 0.38 ശതമാനം നേട്ടത്തിൽ 59,932ലും ക്ലോസ് ചെയ്തു.

ആര്‍ബിഐ അന്വേഷണം

ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങളെത്തുടര്‍ന്ന് അഡാനിക്ക് നൽകിയ വായ്പകളുടെ റിപ്പോർട്ട് നൽകാൻ റിസർവ് ബാങ്ക് രാജ്യത്തെ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. എസ്ബിഐ മാത്രം 23,000 കോടി വായ്പ അനുവദിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
അതിനിടെ അഡാനി ഗ്രൂപ്പ് കമ്പനികളുടെ ബോണ്ട് സ്വീകരിക്കുന്നത് ധനകാര്യ സ്ഥാപനമായ സിറ്റി ഗ്രൂപ്പ് നിര്‍ത്തി. കഴിഞ്ഞ ദിവസം ക്രെഡിറ്റ് സ്യൂസും സമാന പ്രഖ്യാപനം നടത്തിയിരുന്നു. ആഭ്യന്തര റേറ്റിങ് ഏജന്‍സിയായ ഇക്രയും വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Eng­lish Summary:Adani col­laps­es; 10,000 crores loss in five days

You may also like this video

Exit mobile version