Site iconSite icon Janayugom Online

അഡാനി ബന്ധം: പിഎസിക്ക് മുന്നില്‍ മാധബി ബുച്ച് ഇന്ന് ഹാജരാകും

buchebuche

സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അധ്യക്ഷ മാധബി പുരി ബുച്ച് ഇന്ന് പാര്‍ലമെന്റ് പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിക്ക് (പിഎസി) മുന്നില്‍ ഹാജരാകും.
അഡാനി ഗ്രൂപ്പും മാധബി പുരി ബുച്ചും തമ്മില്‍ നടന്ന അനധികൃത ഇടപാടും സാമ്പത്തിക ക്രയവിക്രയങ്ങളും സംബന്ധിച്ചുള്ള വിവാദം കത്തിനില്‍ക്കെയാണ് നടപടി. ഹാജരാകാന്‍ മാധബി ബുച്ച് സാവകാശം തേടിയിരുന്നുവെങ്കിലും കോണ്‍ഗ്രസ് എംപി കെ സി വേണുഗോപാല്‍ ചെയര്‍മാനായ സമിതി നിഷേധിച്ചിരുന്നു. 

പാര്‍ലമെന്റ് ആക്ട് പ്രകാരം സ്ഥാപിതമായിട്ടുള്ള റെഗുലേറ്ററി ബോര്‍ഡുകളുടെ പ്രകടന അവലോകനമാണ് സമിതിയുടെ അജണ്ട. എന്നാല്‍ ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവിട്ട ആരോപണങ്ങളും സമിതി യോഗത്തില്‍ ഉന്നയിക്കപ്പെട്ടേക്കം. സെബി ചെയര്‍പേഴ്സണ്‍ മാധബി ബുച്ചിനും, ഭര്‍ത്താവിനും അഡാനി ഗ്രൂപ്പിലേക്ക് പണമെത്തിയ നിഴല്‍ കമ്പനികളില്‍ നിക്ഷേപം ഉണ്ടായിരുന്നുവെന്നാണ് ഹിന്‍ഡന്‍ബെര്‍ഗ് കണ്ടെത്തല്‍. 

മാധബി ബുച്ചിനും ഭര്‍ത്താവ് ധാവല്‍ ബുച്ചിനും മൗറീഷ്യസിലും ബര്‍മുഡയിലുമായി നിക്ഷേപമുണ്ടെന്ന് രേഖകള്‍ സഹിതം ഹിന്‍ഡന്‍ബെര്‍ഗ് വ്യക്തമാക്കിയിരുന്നു. അഡാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നില്‍ ഈ ബന്ധമാണെന്നും ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. തുടര്‍ന്ന് ഇത് വന്‍ രാഷ്ട്രീയ വിവാദത്തിന് കാരണമായി.
മാധബി ബുച്ചിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സിബിഐ അന്വേഷിക്കണമെന്നും അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കണമെന്നും പ്രതിപക്ഷ ഇന്ത്യ സഖ്യം ആവശ്യപ്പെട്ടിരുന്നു. 

Exit mobile version