ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിനു പിന്നാലെ അഡാനി കമ്പനികള്‍ക്കെതിരെ സെക്യുരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നടത്തുന്ന അന്വേഷണം തുടരുന്നതായി ആവര്‍ത്തിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയം. 2016 മുതല്‍ അഡാനി കമ്പനികളെ കുറിച്ച് അന്വേഷിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം സെബി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്കിയിരുന്നു. ഇതിനെ തള്ളിയാണ് ധനമന്ത്രാലയത്തിന്റെ ന്യായീകരണം.
അഡാനി കമ്പനികള്‍ക്കെതിരെ സുപ്രീം കോടതി നിര്‍ദേശപ്രകാരം നടത്തുന്ന അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി നല്കണമെന്ന് സെബി കഴിഞ്ഞദിവസം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. 2016 മുതല്‍ അഡാനി കമ്പനികള്‍ക്കെതിരെ സെബി അന്വേഷണം നടത്തി വരുന്നതായി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചത് തെറ്റാണെന്നും സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചിരുന്നു.
വിഷയം വീണ്ടും സജീവമായതോടെയാണ് ധനകാര്യ മന്ത്രാലയം പുതിയ ഭാഷ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിഷയം ഉന്നയിച്ചതിന് മറുപടിയായാണ് ധനകാര്യ മന്ത്രാലയം ട്വിറ്ററിലൂടെ വിശദീകരണം നല്കിയത്. 2016ല്‍ അല്‍ബുല ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്, ക്രെസ്റ്റ ഫണ്ട്, എപിഎംഎസ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് തുടങ്ങിയ കമ്പനികളുടെ ഇടപാട് സെബി മരവിപ്പിച്ചിരുന്നു. ഈ കമ്പനികള്‍ അഡാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളാണെന്നാണ് ധനമന്ത്രാലയം പറയുന്നത്.
ഈ വര്‍ഷം മാര്‍ച്ചിലാണ് സുപ്രീം കോടതി, അഡാനി കമ്പനികള്‍ക്കെതിരെ അന്വേഷണം നടത്താന്‍ സെബിയോട് ആവശ്യപ്പെട്ടത്. ഹര്‍ജി പരിഗണിക്കവേയാണ് അഡാനി കമ്പനികള്‍ക്കെതിരെ 2016 മുതല്‍ സെബി അന്വേഷണം നടത്തുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചത്.
english summary; Adani: Finance Ministry rejects SEBI
you may also like this video;