അഡാനി പവര്‍ ലിമിറ്റഡ് (എപിഎല്‍) കമ്പനിയുടെ ഏറ്റവും വലിയ പൊതു നിക്ഷേപം ദുബായില്‍ നിന്നുള്ള ഒരു കമ്പനിയുടേത്. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള, 2019ല്‍ സ്ഥാപിതമായ ഓപല്‍ ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ആണ് എപിഎല്ലില്‍ 8,000 കോടിയുടെ നിക്ഷേപം നടത്തിയിരിക്കുന്നതെന്ന് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ഫെബ്രുവരിയില്‍ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ വിവാദ സ്ഥാപനത്തിന്റെ യഥാര്‍ത്ഥ ഉടമ അഡാനി കമ്പനിയാണെന്ന് വെളിപ്പെടുത്തിയിരുന്നു. സുപ്രീം കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെക്യൂരീറ്റിസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നടത്തുന്ന അന്വേഷണത്തിലും ഓപല്‍ ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ വ്യക്തിയാണെന്ന് ചൂണ്ടിക്കാട്ടുന്നു. വ്യാജ വിദേശ കമ്പനികളുടെ പേരില്‍ സ്ഥാപനങ്ങള്‍ ആരംഭിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്ന അഡാനി കമ്പനിയുടെ മറ്റൊരു മുഖംമൂടിയാണ് അഴിഞ്ഞുവീഴുന്നത്.
അദല്‍ ഹസന്‍ അഹമ്മദ് അലാലി എന്ന യുഎഇ പൗരന്‍ ആണ് ഒഐപിയുടെ ഉടമ. ട്രസ്റ്റ് ലിങ്ക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് ആണ് മൗറിഷ്യസില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി രൂപീകരിച്ചത്. സെനിത്ത് കമ്മോഡീറ്റീസ് ജനറല്‍ ട്രേഡിങ് എല്‍എല്‍സി നിയന്ത്രിക്കുന്ന കമ്പനിയാണ് ഒഐപിയെന്നാണ് മൗറിഷ്യസ് മാര്‍ക്കറ്റ് റെഗുലേറ്ററുടെ രേഖകളില്‍ പറയുന്നത്. 2020ലാണ് അദല്‍ ഹസന്‍ എപിഎല്ലില്‍ 8,000 കോടിയുടെ നിക്ഷേപം നടത്തുന്നത്.
അഡാനി കമ്പനികളുടെ സാമ്പത്തിക തട്ടിപ്പ് പുറത്ത് കൊണ്ടുവന്ന റിപ്പോര്‍ട്ടില്‍ ഓപല്‍ ഇന്‍വെസ്റ്റ്മെന്റ് കമ്പനിക്ക് വെബ്സൈറ്റോ ജീവനക്കാരോ ഇല്ലെന്ന് ലിങ്ക്ഡ് ഇന്‍ ഉദ്ധരിച്ച് ഹിന്‍ഡന്‍ബര്‍ഗ് പറഞ്ഞിരുന്നു. കമ്പനിക്ക് മാര്‍ക്കറ്റിങ് മെറ്റീരിയല്‍-രേഖകള്‍ ഇല്ലെന്നും വാര്‍ഷിക യോഗം നടത്താറില്ലെന്നും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അഡാനിയുടെ സ്വന്തം കമ്പനിയായിട്ടാണ് ഓപല്‍ കമ്പനി അറിയപ്പെടുന്നത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ കഴിഞ്ഞ മേയി ട്രസ്റ്റ് ലിങ്ക് ഇന്റര്‍നാഷണല്‍ കമ്പനിയുമായുള്ള ബന്ധം അവസാനിപ്പിച്ച ഓപല്‍ വെബ്സൈറ്റ് ആരംഭിക്കുകയും ആഗോള വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്ന് പരസ്യപ്പെടുത്തുകയും ചെയ്തു.