Site iconSite icon Janayugom Online

കേന്ദ്രസര്‍ക്കാരിന്റെ വിദഗ്ധ സമിതിയില്‍ അഡാനി ഗ്രൂപ്പ് പ്രതിനിധി

അഡാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് കമ്പനി ഉപദേഷ്ടാവ് കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ധ സമിതിയില്‍. ഹൈഡ്രോ ഇലക്ട്രിക്കല്‍ (ജലവൈദ്യുത) പദ്ധതികളുമായി ബന്ധപ്പെട്ട് വിവിധ മന്ത്രാലയങ്ങള്‍ സമര്‍പ്പിക്കുന്ന പദ്ധതി പരിശോധിച്ച് അനുമതി നല്‍കുന്ന എക്സ്‌പര്‍ട്ട് അപ്രൈസല്‍ കമ്മിറ്റി (ഇഎസി) അംഗമായി ജനാര്‍ദന്‍ ചൗധരിയെയാണ് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്. അഡാനി ഗ്രീന്‍ എനര്‍ജി പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവാണ് ജനാര്‍ദന്‍ ചൗധരി.

സെപ്റ്റംബര്‍ 27നാണ് ഏഴംഗ വിദഗ്ധ സമിതി കേന്ദ്രം രൂപീകരിച്ചത്. പുനഃസംഘടിപ്പിച്ച ഇഎസി കമ്മിറ്റിയിലാണ് അഡാനിയുടെ അടുപ്പക്കാരന്‍ സ്ഥാനം നേടിയെടുത്തത്. മഹാരാഷ്ട്രയിലെ സത്താറ ജില്ലയില്‍ അഡാനി കമ്പനിയുടെ നേതൃത്വത്തില്‍ നിര്‍മ്മാണമാരംഭിക്കുന്ന 1,500 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയുടെ കരാര്‍ അംഗീകരിച്ച യോഗത്തില്‍ ചൗധരിയും പങ്കെടുത്തുവെന്ന് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

പദ്ധതി നിര്‍വഹണത്തിലെ പുതുക്കിയ മാര്‍ഗരേഖയും നടത്തിപ്പും സംബന്ധിച്ച സുപ്രധാന യോഗത്തിലാണ് ചൗധരി അടക്കമുള്ളവര്‍ പങ്കെടുത്തത്. കാറ്റാടി യന്ത്രം വഴി വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള പദ്ധതി ക്രമരഹിതമായി അഡാനി ഗ്രീന്‍ എനര്‍ജി (എജിഇഎല്‍ ) കമ്പനിക്ക് ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് ജനാര്‍ദന്‍ ചൗധരിയുടെ സ്ഥാനലബ്ധി. എന്നാല്‍ എജിഇഎല്‍ കമ്പനിക്ക് കരാര്‍ അനുവദിച്ച യോഗത്തില്‍ പങ്കെടുത്തിരുന്നില്ലെന്നാണ് ചൗധരി നല്‍കുന്ന വിശദീകരണം. സമിതി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ അതില്‍ പങ്കെടുത്തില്ലെന്നും അദ്ദേഹം അറിയിച്ചു. 2006 ലെ പരിസ്ഥിതി ആഘാത പഠനം സംബന്ധിച്ച് നിലവിലുള്ള നിയമം അനുസരിച്ച് കരാര്‍ പുനരവലോകനം ചെയ്യാന്‍ സമിതിക്ക് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

2020വരെ എജിഇഎല്‍ കമ്പനിയുടെ ഡയറക്ടര്‍ (ടെക്നിക്കല്‍) പദവി വഹിച്ചിരുന്ന ചൗധരി 2020ലാണ് അഡാനി ഗ്രീന്‍ എനര്‍ജി കമ്പനിയുടെ മുഖ്യ ഉപദേശകനായി നിയമിതനാകുന്നത്. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സമിതിയില്‍ നിയമിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി നേതാക്കളും അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന അഡാനി ഗ്രൂപ്പിന് മോഡി ഭരണത്തില്‍ ലഭിച്ച കരാറുകളും പൊതുമേഖലാ സ്ഥാപനങ്ങളും നിരവധിയാണ്.
അഡാനി കമ്പനികളുടെ സാമ്പത്തിക തട്ടിപ്പിന്റെ ഭീകരമുഖം തുറന്നുകാട്ടിയ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടും പിന്നാലെ വന്ന ഒസിസിപിആര്‍ റിപ്പോര്‍ട്ടും അഡാനി ഗ്രൂപ്പിന്റെ വഴിവിട്ട സാമ്പത്തിക തട്ടിപ്പ് ജനമധ്യത്തില്‍ എത്തിച്ചിരുന്നു. 

Eng­lish Sum­ma­ry: Adani Group Rep­re­sen­ta­tive in the Expert Com­mit­tee of Cen­tral Govt

You may also like this video

Exit mobile version