Site icon Janayugom Online

അഡാനി വിജയിച്ച വജ്രവും സ്വര്‍ണവും

ഒരു പെട്ടിക്കടക്കാരന്‍ അവന്റെ കട പൂട്ടുമ്പോള്‍ അതവന്റെ സ്വകാര്യനഷ്ടം. മാലോകര്‍ കടം വാങ്ങിക്കഴിച്ചിട്ട് പണം നല്കാതെ മുങ്ങുമ്പോള്‍ നഷ്ടം സ്വകാര്യവ്യക്തിക്ക്. എന്നാല്‍ അഡാനി മുതലാളിക്ക് നഷ്ടം വന്നാല്‍ അത് രാഷ്ട്രത്തിന്റെ നഷ്ടമാകുന്നതെങ്ങനെ. അതാണ് മോഡിയന്‍ ഇക്കണോമിക്സ്. രാഷ്ട്രത്തിന്റെ സ്വത്തുക്കളായ എല്‍ഐസിക്ക് അഡാനി സാമ്രാജ്യത്തിന്റെ തകര്‍ച്ചമൂലം സംഭവിച്ച നഷ്ടം ആദ്യദിനം മാത്രം 23,500 കോടി. എസ്ബിഐക്ക് 54,618 കോടി. അഡാനിയുടെ കറക്കുകമ്പനികളില്‍ എല്‍ഐസിയുടെ 77,000 കോടിയുടെ നിക്ഷേപത്തിലാണ് 23,500 കോടി ആവിയായത്. എസ്ബിഐയുടെ നിക്ഷേപം 4.5 ലക്ഷം കോടി. അങ്ങനെയാണ് അഡാനിയുടെ നഷ്ടം രാഷ്ട്രത്തിന്റെ നഷ്ടമാകുന്നത്. കണക്കുകളിലെ കളികളിലൂടെ അഡാനിക്ക് യഥാര്‍ത്ഥത്തില്‍ ഒരു നഷ്ടവുമുണ്ടാകുന്നില്ല. ഉണ്ടാകുന്നതെല്ലാം ലക്ഷക്കണക്കിന് കോടികളുടെ തട്ടിപ്പ് ലാഭം. ഒരു സാമ്പത്തികശാസ്ത്രജ്ഞന്‍ ജനത്തിന് മനസിലാകുംവിധം അഡാനിയുടെ നെെസായ തട്ടിപ്പുരീതിയെക്കുറിച്ച് വിവരിച്ചതിങ്ങനെയാണ്. ഇപ്പോഴത്തെ കോലാഹലത്തിനിടെ അധികമാരും ശ്രദ്ധിക്കാതെ പോയ ആ തട്ടിപ്പിന്റെ സാമ്പത്തികശാസ്ത്രം.

അഡാനി ഒരേക്കര്‍ ഭൂമി വാങ്ങുന്നു. ഭൂമിയിലാകെ സ്വര്‍ണഖനികളാണെന്ന് പ്രചരിപ്പിക്കുന്നു. ഈ സ്വര്‍ണഭൂമിയില്‍ നിക്ഷേപിക്കാന്‍ ജനത്തെ കൂട്ടുവിളിക്കുന്നു. നിക്ഷേപകര്‍ ഇരമ്പിയെത്തുന്നു. മുപ്പത് ലക്ഷത്തിന് വാങ്ങിയ ഒരേക്കറില്‍ നിക്ഷേപിക്കാന്‍ ഒന്നരലക്ഷം പേരെത്തുന്നു. നിക്ഷേപത്തുക ആകെ ആയിരം കോടിയിലധികമാവുന്നു. ഈ തുക മുഴുവന്‍ വിദേശത്തെ സ്വന്തം കറക്കുകമ്പനികളില്‍ നിക്ഷേപിക്കുന്നു. ഭൂമിയില്‍ സ്വര്‍ണവുമില്ല, നിക്ഷേപകന് പണവുമില്ല. അടുത്തതായി നൂറേക്കര്‍ ഭൂമി വാങ്ങുന്നുവെന്നിരിക്കട്ടെ. വില മൂന്നുകോടി. വജ്രഖനിയാണ് ഈ ഭൂമിയെന്ന് അഡാനിയുടെ പിആര്‍ വര്‍ക്ക്. ജനം ഈ ഭൂമിയില്‍ നിക്ഷേപവുമായി തള്ളിക്കയറുന്നു. നിക്ഷേപം പതിനായിരം കോടിയാവുന്നു. ഈ പണമത്രയും ബഹാമസിലെയും മൗറീഷ്യസിലെയും സാന്‍മാരിനോയിലേയും ബാങ്കുകളില്‍ കള്ളപ്പണമായി നിക്ഷേപിക്കുന്നു. ആയിരക്കണക്കിന് നിക്ഷേപകര്‍ക്ക് വജ്രവുമില്ല, വായില്‍ മണ്ണുമാകുന്നു. എന്ത് ലളിതമായ തട്ടിപ്പ്. മോന്‍സന്‍ മാവുങ്കലും പി ആര്‍ പ്രവീണ്‍ റാണയും അഡാനിയേക്കാള്‍ എത്രയോ മാന്യന്മാര്‍.


ഇതുകൂടി വായിക്കൂ: മോഡി ചങ്ങാത്തത്തില്‍ പണിത കടലാസ് കൊട്ടാരം


ബെെബിളില്‍ ഒരു വാചകമുണ്ട്; ‘മുള്ളിന്‍ ചുവട്ടില്‍ മുന്തിരി കുലയ്ക്കില്ലല്ലൊ.’ ആദര്‍ശധീരനായ എ കെ ആന്റണിക്കും മകന്‍ അനില്‍ ആന്റണിക്കും വേണ്ടിയായിരുന്നോ ഈ ബെെബിള്‍ വചനമെന്ന് ഓര്‍ത്തുപോകുന്നു. ന്യൂനപക്ഷം എന്നും ഭൂരിപക്ഷത്തിന് വിധേയമായി ജീവിക്കണം എന്നായിരുന്നു പണ്ടത്തെ ഒരു ആന്റണി സ്തോത്രം. ന്യൂനപക്ഷങ്ങള്‍ അമിതാധികാരങ്ങള്‍ കയ്യാളുന്നുവെന്നതും ആന്റണിയുടെ ഉല്പത്തി പുസ്തകത്തിലെ വചനം. ആന്റണി കര്‍ത്താവിന്റെ പുത്രന്‍ അനിലിന്റെ പുതിയ ബെെബിളില്‍ പറയുന്നത് മോഡിയെയും ബിജെപിയെയും വിമര്‍ശിക്കുന്നത് ഇന്ത്യന്‍ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റമായിരിക്കുമെന്ന്. അടിയന്തരാവസ്ഥയ്ക്ക് കീഴില്‍ സര്‍വ ആനുകൂല്യങ്ങളും നൊട്ടിനുണഞ്ഞ ആന്റണി അടിയന്തരാവസ്ഥ അവസാനിക്കാറായപ്പോള്‍ ഇന്ദിരാവിരുദ്ധനായി. ഇന്ദിര ചിക് മംഗലൂരില്‍ മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞു. ആരെക്കാളും നന്നായി ആന്റണിയെ പഠിച്ചവനാണ് രാഹുല്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് പദം രാജിവച്ചുകൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ രാഹുല്‍ നടത്തിയ വികാരനിര്‍ഭരമായ പ്രസംഗം ആന്റണിക്കെതിരായ കുറ്റപത്രമായിരുന്നു. ‘മോഡിയെ രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് താന്‍ പറഞ്ഞപ്പോള്‍ അതിനനുകൂലമായി താങ്കളുടെ നാവനങ്ങിയോ. പ്രതിരോധമന്ത്രിയെന്ന നിലയില്‍ വകുപ്പിലെ സര്‍വകാര്യങ്ങളും അറിയാവുന്ന താങ്കള്‍ മോഡിയുടെ റഫേല്‍ യുദ്ധവിമാന ഇടപാടിലെ ഭീമന്‍ അഴിമതിയെക്കുറിച്ച് മിണ്ടിയോ?’ കൂര്‍ത്തുമൂര്‍ത്ത ചോദ്യങ്ങള്‍ക്ക് മുന്നില്‍ കുന്തം വിഴുങ്ങിയതുപോലെ ഒറ്റയിരിപ്പായിരുന്നു ആന്റണി. പുത്രശ്രീ അനിലിന്റെ പുതിയ സ്തോത്രം കോണ്‍ഗ്രസ് ഉപജാപക വൃന്ദത്തിന്റെയും സ്തുതിപാഠകരുടെയും ഒരു കൂടാരമാണെന്ന്. അപ്പനും മോനും ഈ സ്തോത്രങ്ങളും ഉള്ളിലൊതുക്കിയാണല്ലൊ ഇത്രകാലം കോണ്‍ഗ്രസില്‍ കഴിഞ്ഞത്. മത്തന്‍ കുത്തിയാല്‍ കുമ്പളം കായ്ക്കുമോ.

വിദ്യാലയ മന്ദിരങ്ങള്‍ ലോകോത്തരമായാലും ബ്രഹ്മാണ്ഡോത്തരമായാലും അവിടെ പഠിച്ചിറങ്ങുന്നത് മണ്ടശിരോമണികളാണെങ്കില്‍ എന്തു ചെയ്യും. ദേശീയ സംഘടനയായ പ്രഥമിന്റെ പഠന റിപ്പോര്‍ട്ടനുസരിച്ച് നമ്മുടെ സംസ്ഥാനത്തെ കുട്ടികളുടെ വായനാശേഷി വെറും 10 ശതമാനം. അഞ്ചാം ക്ലാസിലെ 90 ശതമാനം കുട്ടികള്‍ക്കും മൂന്നാം ക്ലാസിലെ പുസ്തകങ്ങള്‍പോലും വായിക്കാനറിയില്ല. അക്കങ്ങള്‍ കൂട്ടിവായിക്കാനും കൂട്ടാനും കുറയ്ക്കാനും 33.87 ശതമാനം കുട്ടികള്‍ക്കുമറിയില്ല. 929ന് ഉച്ചരിക്കുന്നത് തൊണ്ണൂറ്റിഇരുപത്തിഒന്‍പത്. ലോകോത്തര വിദ്യാലയങ്ങള്‍ പടച്ചുവിടുന്നത് വിശ്വോത്തര മണ്ടന്മാരെ.

Exit mobile version