വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരുടെ ഉടമസ്ഥാവകാശം സംബന്ധിച്ച നിയമങ്ങളില്‍ വെള്ളം ചേര്‍ത്തതെന്തിനെന്ന് സെബിയോട് സുപ്രീംകോടതി. അഡാനി-ഹിൻഡന്‍ബര്‍ഗ് വിഷയത്തില്‍ ജസ്റ്റിസ് എ എം സാപ്രെ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം. കേസില്‍ സെബിയുടെ അന്വേഷണ പുരോഗതി ആരാഞ്ഞ കോടതി ഓഗസ്റ്റ് 14നുള്ളില്‍ തന്നെ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചു.
കേസ് അടുത്തമാസം 14ന് കേള്‍ക്കാനും കോടതി തീരുമാനിച്ചു. പരാതിക്കാര്‍ക്കു വേണ്ടി അഡ്വ. പ്രശാന്ത് ഭൂഷണ്‍ ഹാജരായി. ഹിൻഡന്‍ബര്‍ഗ് വിഷയത്തില്‍ അന്വേഷണം വേണമെന്നും സുപ്രീം കോടതി വിദഗ്ധ സമിതിയുടെ കണ്ടെത്തലുകളനുസരിച്ച് സെബിയുടെ അന്വേഷണം എങ്ങുമെത്തില്ലെന്നും അദ്ദേഹം വാദിച്ചു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരാണ് കേസ് പരിഗണിച്ചത്. വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ഓഗസ്റ്റ് 14 വരെയാണ് സുപ്രീം കോടതി സമയം അനുവദിച്ചിട്ടുള്ളത്. സെബിക്കു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി. കേസില്‍ അന്വേഷണം വേഗത്തില്‍ പുരോഗമിക്കുന്നതായി തുഷാര്‍ മേത്ത കോടതിയില്‍ വ്യക്തമാക്കി. സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ കണ്ടെത്തലുകളെ കഴിഞ്ഞ ദിവസം സെബി സത്യവാങ്മൂലത്തില്‍ എതിര്‍ത്തിരുന്നു.
English Summary: Adani-Hindenburg case: SC allows SEBI to continue probe till Aug 14
You may also like this video