അഡാനി, മണിപ്പൂര്‍, സംഭാല്‍ വിഷയങ്ങളുന്നയിച്ച പ്രതിപക്ഷ പ്രതിഷേധത്തില്‍ ശീതകാല സമ്മേളനത്തിന്റെ മൂന്നാം ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചു. ലോക്‌സഭയും രാജ്യസഭയും സമ്മേളിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ പ്രതിപക്ഷ ആവശ്യങ്ങളെ ചെറുക്കാന്‍ കഴിയാതെ വന്നതോടെ നിര്‍ത്തിവയ്ക്കുകയായിരുന്നു. 12 മണിയോടെ ഇരുസഭകളും ചേര്‍ന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിരിഞ്ഞു.
ലോക്‌സഭ പിരിയുന്നതിന് മുമ്പ് വഖഫ് ഭേദഗതി ബില്ലിനുള്ള പാര്‍ലമെന്റ് സംയുക്ത സമിതിയുടെ കാലാവധി അടുത്ത വര്‍ഷത്തെ ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസം വരെ നീട്ടിക്കൊണ്ടുള്ള പ്രമേയം പാസാക്കി. കാലാവധി നീട്ടാനുള്ള പ്രമേയം സമിതി അധ്യക്ഷൻ ജഗദാംബിക പാൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. ശബ്ദവോട്ടോടെ സഭ ഇത് അംഗീകരിക്കുകയായിരുന്നു.
ഇന്നലെ പ്രിയങ്കാ ഗാന്ധിയും രവീന്ദ്ര ചവാനും എംപിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഇതിന് പിന്നാലെ ചോദ്യോത്തര വേള ആരംഭിച്ചെങ്കിലും പ്രതിപക്ഷം വിവിധ ആവശ്യങ്ങളുന്നയിച്ച് നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ഇത് തുടര്‍ന്നതോടെ ചെയറിലുണ്ടായിരുന്ന ടിഡിപി എംപി കൃഷ്ണ പ്രസാദ് തെന്നേറ്റി സഭാനടപടികള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. ആദ്യം നിര്‍ത്തിവച്ച രാജ്യസഭ 12 മണിക്ക് വീണ്ടും സമ്മേളിച്ചെങ്കിലും അഡാനിഗ്രൂപ്പിന്റെ ക്രമക്കേടുകള്‍, സംഭാല്‍ കലാപം എന്നിവ സംബന്ധിച്ച് ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതോടെ ചെയര്‍മാന്‍ ജഗ്‌ദീപ് ധന്‍ഖര്‍ സഭ പിരിച്ചുവിടുകയായിരുന്നു.