ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ കമ്പനികളുടെ പൊതു ഓഡിറ്റിങ്ങിനൊരുങ്ങി അഡാനി ഗ്രൂപ്പ്. ഇതിനായി ഓഡിറ്റിങ് രംഗത്ത് പ്രമുഖരായ ഡിലോയ്റ്റ്, ഇവൈ, കെപിഎംജി, പിഡബ്ല്യുസി എന്നീ സ്ഥാപനങ്ങളില്‍ ഒന്നിനെ നിയമിക്കാനാണ് തീരുമാനം. ഫ്രഞ്ച് കമ്പനിയായ ടോട്ടല്‍ എനര്‍ജീസാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. അഡാനി ഗ്രൂപ്പിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും കമ്പനി അറിയിച്ചു.
അഡാനി ഗ്രൂപ്പിനു കീഴിലുള്ള കമ്പനികളില്‍ ടോട്ടല്‍ എനര്‍ജീസിന് 50 ശതമാനം നിക്ഷേപമുണ്ട്. അഡാനി ടോട്ടല്‍ ഗ്യാസില്‍ 37.4 ശതമാനവും ഗ്രീന്‍ എനര്‍ജിയില്‍ 19.75 ശതമാനവും നിക്ഷേപം കമ്പനിക്കുണ്ട്. അഡാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ അഡാനി കമ്പനികളിലെ തങ്ങളുടെ നിക്ഷേപം ഇന്ത്യന്‍ നിയമങ്ങള്‍ക്ക് അനുസൃതമായിട്ടാണെന്ന പ്രസ്താവനയുമായി ടോട്ടല്‍ എനര്‍ജീസ് രംഗത്തുവന്നിരുന്നു.
വരുമാനം പെരുപ്പിച്ചുകാട്ടാനും ഓഹരി വിലയിൽ കൃത്രിമം കാണിക്കാനും അഡാനി ഗ്രൂപ്പ് ഓഫ്‌ഷോർ ഷെൽ സ്ഥാപനങ്ങളെ ഉപയോഗിച്ചുവെന്നായിരുന്നു ഹിൻഡൻബർഗ് റിപ്പോര്‍ട്ടിലെ പ്രധാന ആരോപണം. ഇതിനു പിന്നാലെ അഡാനി എന്റര്‍പ്രൈസസിന്റെ ഓഹരികള്‍ തകര്‍ന്നടിഞ്ഞു.
അഹമ്മദാബാദ് ആസ്ഥാനമായുള്ള ഷാ ധന്‍ധാരിയ ആന്റ് കമ്പനിയാണ് 2021–22 വര്‍ഷത്തിലെ അഡാനി ഗ്രൂപ്പിന്റെ അക്കൗണ്ട് ഓഡിറ്റിങ്ങുകള്‍ നടത്തിയിരുന്നത്. ധന്‍ധാരിയയെക്കുറിച്ചും ഹിൻഡൻബർഗ് റിപ്പോര്‍ട്ട് ഗൗരവമേറിയ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. അഡാനി എന്റര്‍പ്രൈസസിന്റെയും അഡാനി ടോട്ടല്‍ ഗ്യാസിന്റെയും വാര്‍ഷിക ഓഡിറ്റുകള്‍ക്ക് അംഗീകാരം നല്‍കുമ്പോള്‍ ഈ മേഖലയില്‍ 24 വര്‍ഷത്തെ പരിചയം മാത്രമാണ് ധന്‍ധാരിയയ്ക്ക് ഉണ്ടായിരുന്നത്. ഇത്രയും വലിയ ആസ്തിയുള്ള ഒരു കമ്പനിയുടെ ഓഡിറ്റിങ് നടത്താനുള്ള പ്രാപ്തി അവരുടെ കമ്പനിക്കില്ലെന്നും ഹിന്‍ഡന്‍ബര്‍ഗ് ചൂണ്ടിക്കാട്ടിയിരുന്നു.
English Summary: Adani moves to restore credibility, new auditing
You may also like this video