അഡാനി-ഹിൻഡൻബർഗ് കേസ് അന്വേഷിക്കാൻ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യക്ക് സുപ്രീം കോടതി ഓഗസ്റ്റ് 14 വരെ സമയം നീട്ടി നൽകി. ആറ് മാസം കൂടി സാവകാശം നല്‍കണമെന്ന സെബിയുടെ ഹര്‍ജിയില്‍ മൂന്നുമാസത്തെ സമയമാണ് സുപ്രീംകോടതി അനുവദിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പര്‍ഡിവാല എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ഈ കേസിലെ അടുത്ത ബാച്ച് ഹര്‍ജികള്‍ ജൂലൈ 11 ന് പരിഗണിക്കും. അഡാനി ഗ്രൂപ്പിന്റെ ഓഹരി വിലകള്‍ വര്‍ധിപ്പിക്കാന്‍ വ്യാപകമായ കൃത്രിമങ്ങളും ക്രമക്കേടുകളും നടത്തിയെന്ന് ആരോപിച്ചുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് സുപ്രീം കോടതി വിഷയത്തില്‍ ഇടപെട്ടത്.
അഡാനി ഗ്രൂപ്പിന്റെ വീഴ്‌ചകളെക്കുറിച്ച് മതിയായ സമയം എടുക്കാതെ തിരക്കിട്ട് നടത്തുന്ന അന്വേഷണങ്ങൾ നീതിന്യായത്തിന് തടസമാകുമെന്ന് സെബി നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഓഹരികള്‍ സംബന്ധിച്ച് അഡാനി ഗ്രൂപ്പ് എന്തെങ്കിലും മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് വിവരങ്ങള്‍ ലഭിക്കാനായി 11 വിദേശ രാജ്യങ്ങളെ സമീപിച്ചിട്ടുണ്ടെന്നും സെബി പറഞ്ഞിരുന്നു. അതിനാല്‍ കൂടുതല്‍ സമയം ലഭിച്ചാലെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളൂ എന്നും ആറുമാസം കൂടി സമയം നീട്ടി നല്‍കണമെന്നുമായിരുന്നു ഹര്‍ജിയില്‍ സെബി ആവശ്യപ്പെട്ടത്.
എന്നാല്‍ അനിശ്ചിതമായി അന്വേഷണം നീട്ടിക്കൊണ്ട് പോകാന്‍ അനുവദിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അഡാനി ഗ്രൂപ്പുമായോ മറ്റു കമ്പനികളുമായോ ബന്ധപ്പെട്ട് ഓഹരി വിപണിയില്‍ നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ രൂപീകൃതമായ സമിതിയോട് അന്വേഷണം തുടരാനും സുപ്രീം കോടതി നിര്‍ദേശിച്ചു. നേരത്തെ സമിതി ഇടക്കാല റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് കൈമാറിയിരുന്നു. ഈ റിപ്പോര്‍ട്ട് കേസിലെ കക്ഷികള്‍ക്ക് കൈമാറാനും കോടതി നിര്‍ദേശിച്ചു.
English Summary: Adani: Three more months for investigation
You may also like this video