Site icon Janayugom Online

അഡാനിയെ രക്ഷപ്പെടുത്തിയത് സജ്ജന്‍ ജിന്‍ഡാളും സുനില്‍ മിത്തലും

ഓഹരി തുടര്‍ വില്പന (എഫ്‌പിഒ) യില്‍ അഡാനിക്ക് രക്ഷയായത് ഇന്ത്യയിലെ രണ്ട് വ്യവസായ പ്രമുഖര്‍. ഗൗതം അഡാനിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സജ്ജന്‍ ജിന്‍ഡാളും സുനില്‍ മിത്തലുമാണ് അഡാനി എന്റര്‍പ്രൈസസിന്റെ ഓഹരികള്‍ വാങ്ങിക്കൂട്ടിയത്. എഫ്‌പിഒയില്‍ ചൊവ്വാഴ്ച വില്പനയ്ക്കെത്തിയ 4.55 കോടി ഓഹരികളാണ് ഇവര്‍ വാങ്ങിയത്. ഈ നിക്ഷേപങ്ങള്‍ അവരുടെ വ്യക്തിഗത ഫണ്ടില്‍ നിന്നാണെന്നും ജെഎസ്ഡബ്യു സ്റ്റീല്‍ ലിമിറ്റഡ്, ഭാരതി എയർടെൽ ലിമിറ്റഡ് എന്നിവ പോലെയുള്ള ലിസ്റ്റഡ് ബിസിനസുകൾ ഇതില്‍ ഉൾപ്പെടുന്നില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അഡാനി എന്റര്‍പ്രൈസസിന്റെ ഓഹരികള്‍ക്കായി 300 കോടി ഡോളറിന്റെ നിക്ഷേപമാണ് ജിന്‍ഡാള്‍ നടത്തിയത്.
ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വലിയ വെല്ലുവിളിയാണ് അഡാനി ഗ്രൂപ്പ് നേരിട്ടുകൊണ്ടിരിക്കുന്നത്. എഫ്‌പിഒയുടെ ആദ്യ ദിവസം നിക്ഷേപകരില്‍ നിന്നുള്ള പ്രതികരണം തീരെ പ്രതീക്ഷ പകരുന്നതായിരുന്നില്ല. എന്നാല്‍ അവസാന ദിവസം എല്ലാം മാറിമറിഞ്ഞു. എഫ്‌പിഒയിലെ ഓഹരികള്‍ക്ക് പൂര്‍ണമായും അപേക്ഷകരായി. 

ഓഹരി വില കുറച്ച്‌ മുന്നോട്ട് പോകേണ്ട സാഹചര്യം ഉണ്ടാകുമോ എന്ന തരത്തിലും വിദഗ്ധര്‍ക്കിടയില്‍ ചര്‍ച്ചകളുണ്ടായിരുന്നു. അബുദാബി ആസ്ഥാനമായ ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ് കമ്പനി എഫ്‌പിഒയില്‍ അധികമായി നടത്തിയ 400 ദശലക്ഷം ഡോളറിന്റെ നിക്ഷേപം അഡാനി ഗ്രൂപ്പിന് വലിയ തുണയായി. അതേസമയം അഡാനി ഓഹരിയിലെ നിക്ഷേപങ്ങളെക്കുറിച്ച് പ്രതികരിക്കാൻ ജെഎസ്ഡബ്യു സ്റ്റീല്‍ ലിമിറ്റഡ്, ഭാരതി എന്റര്‍പ്രൈസസ് പ്രതിനിധികള്‍ വിസമ്മതിച്ചതായി ബിസിനസ് സ്റ്റാന്‍ഡേഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

അതേസമയം ഫോബ്‌സിന്റെ ശതകോടീശ്വര പട്ടികയില്‍ അഡാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അഡാനി പതിനഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 75.1 ശതകോടി ഡോളറാണ് അഡാനിയുടെ ആസ്തി. ഒമ്പതാം സ്ഥാനത്തുള്ള മുകേഷ് അംബാനിയുടെ ആസ്തി 83.7 ശതകോടി ഡോളറാണ്. അഡാനിയുടെ ആസ്തി ഇടിഞ്ഞതോടെ ഏറ്റവും സമ്പന്നനായ ഏഷ്യക്കാരന്‍ എന്ന പദവി വീണ്ടും അംബാനിക്ക് ലഭിക്കുകയും ചെയ്തു. 

Eng­lish Sum­ma­ry: Adani was saved by Saj­jan Jin­dal and Sunil Mittal

You may also like this video

Exit mobile version