Site iconSite icon Janayugom Online

അഡാനിയുടെ കയ്യേറ്റം; എന്‍ഡിടിവി നിയമപോരാട്ടത്തിലേക്ക്

adaniadani

അനുമതിയില്ലാതെ ഓഹരികള്‍ സ്വന്തമാക്കിയ അഡാനിക്കെതിരെ തുറന്ന നിയമ പോരാട്ടത്തിന് ഒരുങ്ങി ന്യൂഡല്‍ഹി ടെലിവിഷന്‍ (എന്‍ഡിടിവി). എന്‍ഡിടിവിയുടെ 29. 18 ശതമാനം ഓഹരികളാണ് ഗൗതം അഡാനി കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. സെബി ചട്ടപ്രകാരം 26 ശതമാനം ഓഹരികൾ വാങ്ങാനുള്ള ഓപ്പൺ ഓഫറും അഡാനി മുന്നോട്ട് വെച്ചിട്ടുണ്ട്.
മാധ്യമലോകത്തെ പ്രമുഖരായ പ്രണോയ് റോയിയുടേയും രാധിക റോയിയുടേയും ഉടമസ്ഥതയിലാണ് എന്‍ഡിടിവി. ഈ മാധ്യമസ്ഥാപനം സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ വര്‍ഷങ്ങളായി അഡാനി നടത്തിവന്നിരുന്നു. ഓഹരി സ്വന്തമാക്കിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോഴും ചാനല്‍ വില്‍ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നായിരുന്നു എന്‍ഡിടിവിയുടെ പ്രതികരണം.
വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് (വിപിസിഎല്‍) എന്ന കടലാസ് കമ്പനി ഉപയോഗിച്ചാണ് അഡാനി എന്‍ഡിടിവി സ്വന്തമാക്കാനുള്ള നീക്കം ആരംഭിച്ചത്. കഴിഞ്ഞ 14 വർഷമായി കാര്യമായ ആസ്തി കമ്പനിക്കില്ല. ​രാധികയും പ്രണോയ് റോയിയും ഉടമസ്ഥരായ ആർആർപിആർ എന്ന കമ്പനി വിസിപിഎല്ലിൽ നിന്നും 403.85 കോടി വായ്പയെടുത്തിരുന്നു.
വായ്പ നൽകുമ്പോൾ ആർആർപിആറിലെ 99.9 ശതമാനം ഓഹരി വിസിപിഎല്ലിന് ഇഷ്ടമുള്ള രീതിയിൽ ഉപയോഗിക്കാനുള്ള അധികാരവും നൽകിയിരുന്നു. എൻഡിടിവിയില്‍ ആർആർപിആറിന് 29.18 ശതമാനം ഓഹരിയും രാധിക റോയിക്ക് 16.32 ശതമാനം ഓഹരിയുമുണ്ട്. ഇതിന് പുറമേ പ്രണോയ് റോയിയുടെ 15.94 ശതമാനം ഓഹരിയും ചേർത്ത് കമ്പനിയിലെ 61.45 ശതമാനത്തിന്റെയും നിയന്ത്രണം രാധിക റോയിക്കും ഇവരുടെ ഉടമസ്ഥതയിലുള്ള ആർആർപിആർ എന്ന സ്ഥാപനത്തിനുമാണ്.
വിപിസിഎല്ലിനെ അവരുടെ ഉടമസ്ഥരായ നെക്സ്റ്റ് വേവ് ടെലിവെൻച്വർ പ്രൈവറ്റ് ലിമിറ്റഡ്, എമിനന്റ് നെറ്റ്‍വർക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരിൽ നിന്നും 113,74,61,990 രൂപ കൊടുത്ത് അഡാനി വാങ്ങി. ഇതോടെ വിസിപിഎൽ അഡാനിയുടെ ഉടമസ്ഥതയിലുള്ള എഎംജി മീഡിയ ​നെറ്റ്‍വർക്ക് ലിമിറ്റഡിന്റെ സഹസ്ഥാപനമായി മാറി. ഈ അധികാരം ഉപയോഗിച്ചാണ് എന്‍ഡിടിവി സ്വന്തമാക്കാന്‍ അഡാനി നീക്കം നടത്തുന്നത്. വായ്പ എടുക്കുമ്പോൾ 1,990,000 വാറന്റുകളാണ് വിപിസിഎല്ലിന് നല്‍കിയത്. ഇത് കമ്പനിയുടെ 99.50 ശതമാനം ഓഹരികളുടെ വിധി നിർണയിക്കാനുള്ള അധികാരപത്രം കൂടിയായിരുന്നു.
വിസിപിഎല്ലിന്റെ വാറണ്ടുകൾ പ്രകാരം രണ്ട് ദിവസത്തിനുള്ളിൽ ആർആർപിആർ 99.50 ശതമാനം ഓഹരികൾ കൈമാറണം. ഇതോടെ ആർആർപിആറിന്റെ നിയന്ത്രണവും കമ്പനിയുടെ എൻഡിടിവിയിലെ 29.18 ശതമാനം ഓഹരികളുടെ ഉടമസ്ഥാവകാശവും അഡാനിയുടെ സ്ഥാപനമായ എഎംജി മീഡിയ നെറ്റ്‍വർക്കിന് കീഴിൽ വരും. ഇതിനിടെ പൊതു ഓഹരി ഉടമകളിൽ നിന്നും ഓപ്പൺ ഓഫറിലൂടെ 26 ശതമാനം ഓഹരി കൂടി വാങ്ങാൻ അഡാനി ഗ്രൂപ്പ് താല്പര്യം അറിയിച്ചിട്ടുണ്ട്. ഈ ഇടപാട് കൂടി നടക്കുകയാണെങ്കിൽ എൻഡിടിവിയിലെ ഭൂരിപക്ഷം ഓഹരികളുടേയും നിയന്ത്രണം അഡാനി ഗ്രൂപ്പിന് ലഭിക്കും. 

Eng­lish Sum­ma­ry: Adani’s encroach­ment; NDTV to legal battle

You may like this video also

Exit mobile version