Site iconSite icon Janayugom Online

സഞ്ചാരികളുടെ തിരക്കിൽ അടവി കുട്ടവഞ്ചി സവാരി കേന്ദ്രം

ഓണം അവധിയിൽ തിരക്കിലാണ് അടവി കുട്ടവഞ്ചി സവാരി കേന്ദ്രം. ചൊവ്വാഴ്ച മാത്രം ഇരുനൂറിൽ അധികം കുട്ടവഞ്ചി സവാരിയാണ് കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ നടന്നത്. രാവിലെ മുതൽ ആരംഭിച്ച തിരക്ക് വൈകുന്നേരം 5.30 ക്ക് സവാരി അവസാനിക്കുമ്പോഴും ആളുകളുടെ വരവ് വർധിച്ചുകൊണ്ടിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ആളുകൾ ആണ് കുട്ടവഞ്ചി കയറുവാൻ എത്തിയത്. ഉച്ചയോടെ കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ എത്തിയ വാഹനങ്ങൾ പാർക്കിങ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യാൻ സ്ഥലമില്ലാതെ വന്നതോടെ മണ്ണീറ റോഡിലും വെള്ളച്ചാട്ടത്തിന്റെ സമീപത്തും ആണ് നിർത്തിയിട്ടത്. 

കൊച്ചുകുട്ടികൾ അടക്കം പ്രായമായവരും കുടുംബമായാണ് അടവിയിൽ എത്തിയത്. തിരുവോണദിനത്തിൽ കുട്ടവഞ്ചി സവാരി കേന്ദ്രം അവധിയായിരുന്നു. അവിട്ടം ദിനത്തിൽ 204 കുട്ടവഞ്ചി സവാരികളിലായി 1,22,400 രൂപയുടെ വരുമാനം ലഭിച്ചിരുന്നു. ഉത്രാട ദിനത്തിൽ 68 കുട്ടവഞ്ചികളിലായി 40,800 രൂപ വരുമാനം ലഭിച്ചിരുന്നു. കല്ലാറിൽ ഇറങ്ങി വെള്ളത്തിൽ സമയം ചിലവഴിക്കുന്നവരും അനവധിയാണ് ഇപ്പോൾ. കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ പൂന്തോട്ടവും സഞ്ചാരികൾക്കായി തുറന്നു നൽകിയിട്ടുണ്ട്. തിരക്ക് വർധിക്കുന്നുണ്ട് എങ്കിലും കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ അടിസ്ഥാന സൗകര്യങ്ങൾ ഇനിയും വിപുലപ്പെടുത്തേണ്ടത് ആവശ്യമാണ് എന്നാണ് സഞ്ചരികളുടെ അഭിപ്രായം. ലഭിക്കുന്ന വരുമാനത്തിന് അനുസരിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാകുന്നില്ല എന്നും ആക്ഷേപമുണ്ട്.

Exit mobile version