Site iconSite icon Janayugom Online

അടയാളം

കുട്ടിക്കാല കളിക്കിടയിൽ
വലതുകണ്ണിൽ പതിഞ്ഞ അടയാളം
വെളുത്ത തുവർത്തിലെ
കരിമ്പൻ പൊട്ടു പോലെ
കണ്ണിമ ചിമ്മി തുറക്കുമ്പോഴൊക്കെ
കറുത്ത മിഴിക്കരികെ
കരയിലേയ്ക്ക് വലിഞ്ഞിഴയുന്ന
ആമയെ പോലെ
മുറുകി പൊട്ടിയ ആകാശത്തിൽ
കരിന്തിരി കത്തും പോലെ
വെളുത്ത ചോറിൻ മേലെ
കറുത്ത വറ്റിൻ പതിപ്പു പോലെ
ജീവിതമെനിക്ക് കരുതി വച്ച
കരിന്തേളുടക്കിൻ വഴികൾ
കത്തിയെരിഞ്ഞെങ്കിലും
തിരി കെടാതിരിപ്പുണ്ടേതോ
രാത്രിയിലണഞ്ഞു പോയ
ചൂട്ടുകറ്റയുടെ കനലാഴം
പൊരിഞ്ഞകന്ന നെൽപ്പാടങ്ങൾ
മരുവും മീതേ നിഴലടയാളങ്ങൾ
ചവർപ്പു കലർന്ന കാലത്തിന്റെ
ഒടുങ്ങാത്ത വിശപ്പിൽ
മിന്നിച്ചും പൊലിഞ്ഞും
ഒരേ മുഖങ്ങളിൽ കണ്ട വെറുപ്പ്
പിണക്കം അളന്നെടുത്ത
ഉൾച്ചരിവുകൾ, കുഴികൾ
നടന്നു മടുത്ത വഴിയുടെ
അവസാന അടയാളത്തിൻ
നേരെ ചുണ്ടു കനക്കുന്ന
ഒരു വാക്ക് എറിഞ്ഞുടയ്ക്കുന്നു
അറിയാതെ പോയ ചില
നിമിഷങ്ങളുടെ അടയാളപ്പെടുത്തൽ
ഓർമ്മയുടെ കുന്നിലേയ്ക്ക്
നടന്നുകയറുന്നു

Exit mobile version