കാടുമുഴുവൻ
ഒച്ചകളാണെന്നും
കാട്ടിലെ
തടാകത്തിലാണ്
നിലാവുള്ള രാത്രിയിൽ
ചന്ദ്രൻ അടയിരിക്കാറുള്ളതെന്നും
അറിഞ്ഞന്നു പകലാണ്
ഞങ്ങൾ
തിരിച്ചിറങ്ങിയത്!
എത്ര ചീവിടുകളാണ്
കാടിനൊപ്പം
പാട്ടുകളാകുന്നത്
എത്ര മഴകളാണ്
പെയ്തുമതിവരാതെ
ചില്ലകളിൽ
ചേക്കേറിയത്
സൂര്യനുദിക്കാത്ത
എത്ര സാമ്രാജ്യങ്ങളാണ്
ഓരോ കാട്ടിനുള്ളിലും
ഒളിച്ചിരിക്കുന്നത്
ഇടയ്ക്കൊന്നു
കടന്നുചെല്ലാനൊരു
കാടു ബാക്കിയുള്ളത്
നല്ലതിനാണ്!