രാജ്യത്ത് ഡീസല്‍ വാഹനങ്ങള്‍ക്ക് മലിനീകരണ നികുതി ചുമത്തണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. അന്താരാഷ്ട്ര തലത്തില്‍ എതിര്‍പ്പ് ഉയര്‍ന്നതോടെ ഇത്തരമൊരു നികുതി നിര്‍ദ്ദേശം നിലവിലില്ലെന്ന് മന്ത്രി സാമൂഹിക മാധ്യമമായ എക്‌സില്‍ തിരുത്തി.
ഇന്നലെ നടന്ന എസ്ഐഎഎം (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ്) ന്റെ 63-ാം മത് വാര്‍ഷിക യോഗത്തിലാണ് ഡീസല്‍ വാഹനങ്ങള്‍ക്കും ജനറേറ്റര്‍ സെറ്റുകള്‍ക്കും 10 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്താന്‍ കേന്ദ്ര ധനകാര്യമന്ത്രിക്ക് കത്ത് നല്‍കുമെന്ന് ഗഡ്കരി പറഞ്ഞത്. ദേശ‑വിദേശ വാഹന നിര്‍മ്മാതാക്കളുടെ യോഗത്തില്‍ മന്ത്രി നടത്തിയ പരാമര്‍ശം വാഹന വിപണിയില്‍ വന്‍ തിരിച്ചടിയുണ്ടാക്കി.
ഡീസല്‍ വാഹനങ്ങള്‍ വില്‍ക്കാന്‍ കഴിയാത്ത വിധം നികുതി ഏര്‍പ്പെടുത്തും. ഡീസല്‍ ഉപയോഗം വാഹനങ്ങളില്‍ കുറയ്ക്കാന്‍ വാഹന നിര്‍മ്മാതാക്കള്‍ മുന്നോട്ടു വരുമെന്നാണ് പ്രതീക്ഷയെന്ന മന്ത്രിയുടെ വാക്കുകള്‍ അവസാനിച്ചതിനു പിന്നാലെ വാഹന നിര്‍മ്മാതാക്കളുടെ ഓഹരി വിലകള്‍ കുത്തനെ ഇടിഞ്ഞു. പുനരുപയോഗ ഊര്‍ജ്ജോല്പാദനം വര്‍ധിപ്പിക്കുക. കാര്‍ബണ്‍ വികിരണം കുറയ്ക്കുക. വാഹന ഇന്ധനം വൈദ്യുതിയാക്കി മാറ്റുക തുടങ്ങിയ ജി 20 ലെ ഉള്‍പ്പെടെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാക്കുകളും വാചലതയും ഉള്‍ക്കൊണ്ട് ഗഡ്കരി നടത്തിയ പ്രസംഗം പക്ഷെ സര്‍ക്കാരിനു തന്നെ തിരിച്ചടിയായി.
ഇന്ത്യയില്‍ ഈ മേഖലയില്‍ നിക്ഷേപം ഇറക്കുന്നവര്‍ ഇക്കാര്യത്തില്‍ ആശങ്ക ഉയര്‍ത്തി. ഇതിനു പുറമെയായിരുന്നു ഓഹരി വിപണിയിലെ തിരിച്ചടി. എന്തായാലും കാര്യങ്ങള്‍ കൈവിട്ടെന്ന് കണ്ട ഗഡ്കരി ഇത്തരമൊരു കാര്യം പരിഗണനയിലില്ലെന്ന് എക്‌സില്‍ കുറിച്ചെങ്കിലും അന്താരാഷ്ട്ര തലത്തില്‍ ഇതിന് വന്‍ പ്രചാരണമാണ് ലഭിച്ചത്. ആഭ്യന്തര-ആഗോള വാഹന നിര്‍മ്മാതാക്കള്‍ വിഷയത്തെ ഗൗരവത്തോടെയാണ് വിലയിരുത്തുമെന്നാണ് സൂചന.
English summary; Additional tax on diesel vehicles; Gadkari holding the tiger’s tail