പെട്രോള്‍-ഡീസല്‍ കയറ്റുമതിക്ക് കൂടുതല്‍ നികുതി ഏര്‍പ്പെടുത്തി കേന്ദ്രം. സ്വര്‍ണത്തിന്റെ ഇറക്കുമതിക്കുള്ള നികുതിയിലും വര്‍ധന. രാജ്യത്തു നിന്നും കയറ്റുമതി ചെയ്യുന്ന പെട്രോളിന് ലിറ്ററിന് ആറു രൂപയും ഡീസലിന് 13 രൂപയും പ്രത്യേക അധിക എക്‌സൈസ് ഡ്യൂട്ടി ഈടാക്കാനും ധനമന്ത്രാലയം തീരുമാനിച്ചു.
വിമാന ഇന്ധനത്തിന്റെ കയറ്റുമതിക്കും ലിറ്ററിന് ആറു രൂപ അധിക നികുതി ഏര്‍പ്പെടുത്തി. രാജ്യത്ത് ക്രൂഡ് ഇറക്കുമതി ചെയ്ത് മറ്റ് രാജ്യങ്ങളിലെക്ക് കയറ്റുമതി നടത്തുന്ന കോര്‍പറേറ്റുകള്‍ക്കാണ് പുതിയ നികുതി ബാധകമാകുക.
നികുതി വര്‍ധന ആഭ്യന്തര വിപണിയെ ബാധിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. സ്വര്‍ണത്തിന്റെ ഇറക്കുമതിക്കുള്ള കസ്റ്റംസ് ഡ്യൂട്ടി 10.75 ആയിരുന്നത് 15 ശതമാനമായി വര്‍ധിപ്പിക്കാനും ധനമന്ത്രാലയം തീരുമാനിച്ചു. മേയില്‍ 107 ടണ്‍ സ്വര്‍ണമാണ് രാജ്യം ഇറക്കുമതി ചെയ്തത്. ജൂണിലെ കണക്കുകളിലും സ്വര്‍ണം ഇറക്കുമതി രാജ്യത്തെ വിദേശനാണ്യ ശേഖരത്തെ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് കേന്ദ്രത്തിന്റെ മുന്‍കരുതല്‍ നടപടി. അതേസമയം ഇത് കള്ളക്കടത്തിന് കൂടുതല്‍ സാധ്യതകള്‍ സൃഷ്ടിച്ചേക്കാമെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
രാജ്യത്ത് ആഭ്യന്തരമായി ഉല്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന് ടണ്ണിന് 23,250 രൂപ സെസ് ഏര്‍പ്പെടുത്താന്‍ കേന്ദ്രം തീരുമാനിച്ചു. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റത്തിന്റെ ചുവടു പിടിച്ച് രാജ്യത്തെ ക്രൂഡ് ഓയില്‍ നിര്‍മ്മാതാക്കള്‍ വന്‍ ലാഭം കൊയ്യുന്ന പശ്ചാത്തലത്തിലാണ് പുതിയ നികുതി കേന്ദ്രം ഏര്‍പ്പെടുത്തിയതെന്ന് ധനമന്ത്രാലയത്തിന്റെ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു. അതേസമയം കേന്ദ്രത്തിന്റെ പുതിയ നടപടിക്ക് പിന്നാലെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും ഒഎന്‍ജിസിയും ഓഹരിവിപണിയില്‍ കൂപ്പുകുത്തി. റിലയന്‍സിന്റെ ഓഹരികള്‍ ഇന്നലെ എട്ട് ശതമാനത്തോളം ഇടിഞ്ഞു. കമ്പനിയുടെ വിപണി മൂലധനം 16.60 ലക്ഷം കോടി രൂപയായി കുറഞ്ഞു. ഏപ്രില്‍ 29‑ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 2,855 രൂപയിലെത്തിയപ്പോള്‍ വിപണി മൂലധനം 20 ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തിയിരുന്നു. ഒഎന്‍ജിസിയുടെ ഓഹരികള്‍ 13.30 ശതമാനം താഴ്ന്ന് 131.40 രൂപയിലെത്തി.
രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു
അമേരിക്കന്‍ ഡോളറുമായി രൂപയുടെ മൂല്യം 79.12 ആയി ഇടിഞ്ഞു. ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതും ഡോളര്‍ ശക്തിപ്പെടുന്നതുമാണ് ഇന്ത്യന്‍ രൂപയ്ക്ക് വിനയാകുന്നത്. ഇന്നലെ 78.98 രൂപയില്‍ വിനിമയം ആരംഭിച്ച കറന്‍സി റെക്കോഡ് ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. ബുധനാഴ്ചയാണ് രൂപയുടെ മൂല്യം തകര്‍ന്ന് 79 ലെത്തിയത്. രൂപയുടെ മൂല്യത്തകര്‍ച്ച ഓഹരി സൂചികകളിലും ഇടിവുണ്ടാക്കി. സെന്‍സെക്‌സ് 111.01 പോയിന്റ് ഇടിഞ്ഞ് 52907.93 പോയിന്റിലും നിഫ്റ്റി 28.30 പോയിന്റ് ഇടിഞ്ഞ് 15752 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
English Summary:Additional tax on petrol-diesel exports
You may also like this video