Site iconSite icon Janayugom Online

നാക്ക് പിഴ; മാപ്പ് പറഞ്ഞ് അധിർ രഞ്ജൻ ചൗധരി

രാഷ്ട്രപതി ദ്രൗപദി മുർമുവിനെ രാഷ്ട്രപത്നിയെന്ന് വിശേഷിപ്പിച്ചതിന് മാപ്പ് പറഞ്ഞ് ലോക‍്‍സഭ പ്രതിപക്ഷ നേതാവ് അധിർ രഞ്ജൻ ചൗധരി. നാക്ക് പിഴയാണ് സംഭവിച്ചതെന്ന് കാണിച്ച് അധിർ രഞ്ജൻ ചൗധരി രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ചു. പിഴവ് മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രഞ്ജൻ ചൗധരി കത്തിൽ പറയുന്നുണ്ട്. അധിർ രഞ്ജൻ ചൗധരിയുടെ വിവാദ പരാമർശത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്.

ഇഡി നടപടിക്കെതിരെ പാർലമെന്റിലേക്ക് സംഘടിപ്പിച്ച മാർച്ചിനിടെ ഒരു ഹിന്ദി ചാനലിന് നൽകിയ പ്രതികരണത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അധിർ രഞ്ജൻ ചൗധരി രാഷ്ട്രപത്നിയെന്ന് വിശേഷിപ്പിച്ചത്. ലോക്‌സഭയിൽ സ്മൃതി ഇറാനിയും രാജ്യസഭയിൽ ധനമന്ത്രി നിർമ്മലാ സീതാരാമനും വിഷയം ഉന്നയിച്ചു.

കഴിഞ്ഞ ദിവസം വിജയ്ചൗക്കിൽ നടന്ന പ്രതിഷേധത്തിനിടെ തനിക്കുണ്ടായത് നാക്കുപിഴയാണെന്ന് ചൗധരി വ്യക്തമാക്കിയിരുന്നു. പിഴവിൽ മാപ്പു ചോദിക്കുന്നുവെന്നും ഏതെങ്കിലും വിധത്തിൽ രാഷ്ട്രപതിയെ അത് വേദനിപ്പിച്ചെങ്കിൽ നേരിൽ കണ്ട് മാപ്പു ചോദിക്കാൻ ഒരുക്കമാണെന്നും ചൗധരി വ്യക്തമാക്കി.

എന്നാൽ സർക്കാരിനെതിരായി തുടരുന്ന പ്രതിപക്ഷ പ്രതിഷേധത്തിന് തടയിടാൻ ഭരണപക്ഷം ഇത് ആയുധമാക്കുന്ന കാഴ്ചയാണ് ഇരുസഭകളിലും അരങ്ങേറിയത്. കോൺഗ്രസിനു വേണ്ടി സോണിയ മാപ്പു പറയണമെന്നും അവരുടെ അനുമതിയോടെയാണ് ഇത്തരമൊരു സ്ത്രീവിരുദ്ധ, ആദിവാസി വിരുദ്ധ പരാമർശം നടത്തിയതെന്നും മന്ത്രി പറഞ്ഞതോടെ ബഹളത്തിൽ മുങ്ങിയ സഭ നിർത്തിവച്ചു. സഭ പിരിഞ്ഞ ശേഷം നടുത്തളം കടന്ന് മുന്നോട്ടു പോയ സോണിയ, ബിജെപി അംഗം രമാ ദേവിയോട് താൻ എന്തു തെറ്റാണ് ചെയ്തതെന്നും ചൗധരി ഇതിനകം മാപ്പു പറഞ്ഞെന്നും വ്യക്തമാക്കി.

ഇതോടെ ബിജെപി അംഗങ്ങൾ സോണിയയെ വളഞ്ഞു. ഞാനാണ് നിങ്ങളുടെ പേരു പരാമർശിച്ചതെന്ന ഇറാനിയുടെ വാക്കുകൾക്ക് എന്നോട് മിണ്ടരുതെന്ന സോണിയയുടെ വാക്കുകളോടെ രംഗം വഷളായി. തുടർന്ന് മറ്റ് അംഗങ്ങൾ സോണിയയെ അനുനയിപ്പിച്ച് പാർലമെന്റ് മന്ദിരത്തിനു പുറത്തെത്തിക്കുകയായിരുന്നു. സംഭവത്തിൽ സോണിയയെ കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ച് കോൺഗ്രസ് സ്പീക്കർക്ക് പരാതി നൽകി. വിഷയം പ്രിവിലേജ് കമ്മിറ്റി പരിഗണിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

Eng­lish summary;adhir ran­jan chowd­hury apologize

You may also like this video;

Exit mobile version