Site iconSite icon Janayugom Online

‘ഭീകര ശബ്ദം കേട്ടു, വീടിരുന്നിരുന്ന സ്ഥലത്ത് മുഴുവന്‍ പൊടിപടലം മാത്രം, ചേച്ചിയുടെ കരച്ചിലാണ് ഉറക്കെ കേട്ടത്’

അടിമാലിക്ക് സമീപം ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടപ്പെട്ട ബിജു ആദ്യമേ തറവാട് വീട്ടിലേക്ക് താമസം മാറിയിരുന്നുവെന്ന് ബിജുവിന്റെ സഹോദരന്റെ ഭാര്യ അഞ്ജു. ഭക്ഷണമെടുക്കാന്‍ വീട്ടില്‍ തിരികെ പോയതായിരുന്നു ബിജുവും ഭാര്യ സന്ധ്യയും. വളരെ പെട്ടന്ന് തന്നെ തിരികെ വരാമെന്നാണ് പറഞ്ഞത്. എന്നാല്‍ അവര്‍ വീട്ടിലെത്തി പതിനഞ്ച് മിനിറ്റ് പോലും ആകുന്നതിന് മുന്‍പ് മണ്ണിടിഞ്ഞ് ദുരന്തം സംഭവിക്കുകയായിരുന്നുവന്നും അഞ്ചു പറയുന്നു.മണ്ണിടിച്ചില്‍ ഭീഷണിയുണ്ടായിരുന്നതിനെ തുടര്‍ന്ന് 22 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ആറ് വീടുകള്‍ക്ക് മേലെയാണ് മണ്ണിടിഞ്ഞ് വീണത്. ഏഴു മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ബിജുവിനെ പുറത്തെടുത്തുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സന്ധ്യയെ നേരത്തേ പുറത്തെത്തിച്ചിരുന്നു. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.

ഫയര്‍ഫോഴ്‌സും എന്‍ഡിആര്‍എഫും നാട്ടുകാരും ചേര്‍ന്ന് നടത്തിയ സാഹസികമായ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഇരുവരെയും പുറത്തെത്തിച്ചത്. അപകടത്തില്‍പ്പെട്ടവര്‍ കോണ്‍ക്രീറ്റ് ബീമുകള്‍ക്കിടയില്‍ കുടുങ്ങിപ്പോയതാണ് രക്ഷാപ്രവര്‍ത്തനം വൈകാന്‍ ഒരു പ്രധാന കാരണമായത്. റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി വീടിരുന്നതിന് സമീപത്തെ വലിയ കുന്ന് ഇടിച്ചുനിരത്തുകയും അതിന്റെ ഒരു ഭാഗം ചെത്തിയെടുക്കുകയും ചെയ്തതാണ് ദുരന്തത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു. 

Exit mobile version