Site iconSite icon Janayugom Online

സൂര്യനെ അറിയാന്‍ ആദിത്യ എല്‍-1; സെപ്റ്റംബര്‍ രണ്ടിന് വിക്ഷേപണം

ചാന്ദ്രദൗത്യം വിജയിച്ചതിന് പിന്നാലെ സൗരദൗത്യവുമായി ഐഎസ്ആര്‍ഒ. സൂര്യനെക്കുറിച്ചുള്ള പഠനത്തിനായി നിർമിച്ച ബഹിരാകാശ പേടകം ആദിത്യ എൽ1 സെപ്റ്റംബർ 2ന് വിക്ഷേപിച്ചേക്കുമെന്നാണ് സൂചന.
  ഭൂമിയ്ക്കും സൂര്യനും ഇടയിലുള്ള അഞ്ച് ലാഗ്റേഞ്ച് പോയിന്റുകളിൽ ആദ്യത്തേതിലുള്ള ഭ്രമണപഥത്തിലായിരിക്കും പേടകത്തെ എത്തിക്കുക. ഭൂമിയിൽ നിന്ന് 1.5 ദശലക്ഷം കിലോമീറ്റർ അകലെയാണ് ഈ പോയിന്‍റ്. ഗ്രഹണം അടക്കമുള്ള തടസ്സങ്ങൾ ഇല്ലാതെ സൂര്യനെ നിരന്തരമായി നിരീക്ഷിക്കുവാൻ ഈ പോയിന്റിലെത്തുന്നതോടെ സാധിക്കുമെന്നാണ് ഐഎസ്ആര്‍ഒ പ്രതീക്ഷ. സൂര്യനെയും അതു മൂലമുള്ള ബഹിരാകാശ കാലാവസ്ഥയുടെ വ്യതിയാനങ്ങളെയും പേടകം വഴി നിരീക്ഷിക്കാൻ കഴിയും. ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, സൂര്യന്റെ ഏറ്റവും പുറമേയുള്ള ഭാഗമായ കൊറോണ എന്നിവയെ വൈദ്യുതി കാന്തിക, കണിക, കാന്തിക മണ്ഡലം ഡിറ്റക്ടറുകൾ വഴി നിരീക്ഷിക്കുന്നതിനായി ഏഴുപേലോഡുകൾ പേടകത്തിലുണ്ടായിരിക്കും. ഇതിൽ നാല് പേലോഡുകൾ നേരിട്ട് സൂര്യനെ നിരീക്ഷിച്ചു കൊണ്ടിരിക്കും.
കോറോണൽ ഹീറ്റിങ് മൂലമുള്ള പ്രശ്നങ്ങൾ, കൊറോണൽ മാസ് ഇജക്ഷൻ, പ്രി-ഫ്ലെയർ, ഫ്ലെയർ പ്രവർത്തനങ്ങളും അവയുടെ സവിശേഷതകളും, ബഹിരാകാശ കാലാവസ്ഥാ ഡൈനാമിക്സ് എന്നിവയെക്കുറിച്ചെല്ലാം നിർണായകമായ വിവരങ്ങൾ ശേഖരിക്കാൻ ആദിത്യയിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.
Eng­lish sum­ma­ry; Aditya L‑1 to know the Sun; Launched on Sep­tem­ber 2
you may also like this video;

Exit mobile version