Site iconSite icon Janayugom Online

സൗരവാതത്തിന്റെ ആഘാതം തിരിച്ചറിഞ്ഞ് ആദിത്യ- എല്‍1 

ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ‑എല്‍1ന്റെ പേലോഡ് കൊറോണല്‍ മാസ് ഇജക്ഷനു(സിഎംഇ)കളുടെ ആഘാതം കണ്ടെത്തിയതായി ഐഎസ്ആര്‍ഒ. സൗരവാതത്തിലെ ഇലക്ട്രോണുകള്‍,  ഊര്‍ജം കുറഞ്ഞ അയോണുകള്‍ എന്നിവ കണ്ടെത്തുന്നതിനുള്ള പേലോഡായ പ്ലാസ്മ അനലൈസര്‍ പാക്കേജ് ഫോര്‍ ആദിത്യ(പാപ) ആണ് കൊറോണല്‍ മാസ് ഇജക്ഷനുകളുടെ ആഘാതം കണ്ടെത്തിയത്.  രണ്ട് സെന്‍സറുകളാണ് പാപ പേലോഡിലുള്ളത്. ഇലക്ട്രോണുകള്‍ അളക്കാന്‍ സോളാര്‍ വിന്റ് ഇലക്ട്രോണ്‍ എനര്‍ജി പ്രോബ് അഥവാ സ്വീപ്, അയോണുകള്‍ അളക്കാന്‍ സോളാര്‍ വിന്റ് അയോണ്‍ കോമ്പോസിഷന്‍ അനലൈസര്‍ അഥവാ സ്വികാര്‍ എന്നിവയാണ് അവ.  സൗരക്കാറ്റിന്റെ കണങ്ങള്‍ എത്തുന്നത് മനസിലാക്കാനും സെൻസറുകള്‍ സഹായകമാകും.
തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററി(വിഎസ്എസ്‌സി)ലെ സ്‌പേസ് ഫിസിക്സ് ലബോറട്ടിയും ഏവിയോണിക്‌സ് എന്റിറ്റിയും ചേര്‍ന്നാണ് പാപ പേലോഡ് വികസിപ്പിച്ചെടുത്തത്.  2023 ഡിസംബര്‍ 15നും  ഈ മാസം 10നും 11നും ഇടയില്‍ കൊറോണല്‍ മാസ് ഇജക്ഷന്‍ സംഭവിച്ചതായി പാപ ശേഖരിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നു.  ഡിസംബര്‍ 15ന് ഉണ്ടായ സിഎംഇ ഒറ്റപ്പെട്ട സംഭവമായിരുന്നു എന്നും പാപ ശേഖരിച്ച വിവരമനുസരിച്ച് ഇലക്ട്രോണുകളുടെയും അയോണുകളുടെയും എണ്ണത്തില്‍ വലിയ തോതിലുള്ള വര്‍ധനയാണ് ഉണ്ടായതെന്നും ഐഎസ്ആര്‍ഒ പ്രസ്താവനയില്‍ പറയുന്നു.  അതേസമയം ഈ മാസം 10,11 തീയതികളില്‍ ഉണ്ടായ സിഎംഇ ചെറുതോതില്‍ ഉള്ളതായിരുന്നു എന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.
2023 സെപ്തംബർ രണ്ടിനാണ് പിഎസ്എലവി- സി 57 റോക്കറ്റില്‍ ആദിത്യ എല്‍-1 വിക്ഷേപിച്ചത്.  ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ സഞ്ചരിച്ച് 126 ദിവസത്തെ യാത്രക്കൊടുവില്‍ ഈ വര്‍ഷം ജനുവരി ആറിനാണ് പേടകം ലക്ഷ്യസ്ഥാനത്തെത്തിയത്.  ഏഴ് പേലോഡുകളാണ് ഭൂമിയെ പഠിക്കുന്നതിനായി  ആദിത്യയില്‍ ഘടിപ്പിച്ചിരുന്നത്.
സൂര്യനിലേക്കുള്ള യാത്രമധ്യേ ആദിത്യ സോളാര്‍ വിന്റ് പാര്‍ട്ടിക്കിള്‍ എക്സ്പിരിമെന്റിന്റെ ഭാഗമായ സുപ്ര തെർമൽ ആന്റ്  എനെർജെറ്റിക് പാർട്ടിക്കിൾ സ്പെക്ട്രോമീറ്റർ(സ്റ്റെപ്സ്) ഉപകരണമായ ശാസ്ത്രീയ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വ ബലം സമാനമായി അനുഭവപ്പെടുന്ന അഞ്ചു മേഖലകളില്‍ ഒന്നായ ലഗ്രാഞ്ചിയൻ പോയിന്റ് 1ലായിരുന്നു ആദിത്യ എത്തിച്ചേര്‍ന്നത്. ഗ്രഹണം അടക്കമുള്ള തടസ്സങ്ങൾ ഇല്ലാതെ സൂര്യനെ നിരന്തരമായി നിരീക്ഷിക്കുവാൻ എല്‍1 പോയിന്റില്‍ നിന്ന് സാധിക്കും.
Eng­lish Sum­ma­ry: Aditya-L1 pay­load detects CME impact on solar wind
You may also like this video
Exit mobile version