Site iconSite icon Janayugom Online

ആദിത്യ‑എല്‍1: ശാസ്ത്രീയ വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങി

adityaaditya

രാജ്യത്തെ പ്രഥമ സൗരദൗത്യം ആദിത്യ‑എല്‍1 ശാസ്ത്രീയ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയതായി ഐഎസ്ആര്‍ഒ.
സൂര്യനിലേക്കുള്ള യാത്രമധ്യേ ആദിത്യ സോളാര്‍ വിന്റ് പാര്‍ട്ടിക്കിള്‍ എക്സ്പിരിമെന്റിന്റെ ഭാഗമായ സുപ്ര തെർമൽ ആൻഡ് എനെർജെറ്റിക് പാർട്ടിക്കിൾ സ്പെക്ട്രോമീറ്റർ(സ്റ്റെപ്സ്) ഉപകരണമായ ശാസ്ത്രീയ വിവരങ്ങള്‍ ശേഖരിക്കുന്നതെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. 

ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി(പിആര്‍എല്‍)യും അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻ സെന്ററും സംയുക്തമായി വികസിപ്പിച്ചെടുത്ത സ്റ്റെപ്സ് ഭൂമിയില്‍ നിന്ന് 50,000 കിലോമീറ്റര്‍ അകലെ സുപ്ര‑തെർമൽ, എനർജെറ്റിക് അയോൺ, ഇലക്ട്രോണുകള്‍ എന്നിവയെ അളക്കാൻ ആരംഭിച്ചതായി ഐഎസ്ആര്‍ഒ സമൂഹമാധ്യമത്തില്‍ അറിയിച്ചു.
ഭൂമിയുടെ ചുറ്റുമുള്ള കണങ്ങളുടെ സ്വഭാവം മനസിലാക്കാൻ ഈ വിവരങ്ങള്‍ സഹായകമാകും. 

ആറ് സെൻസറുകള്‍ ഉള്‍പ്പെടുന്നതാണ് സ്റ്റെപ്സ്. ഓരോന്നും 0 കെഇവി/ന്യൂക്ലിയോൺ മുതൽ 5 എംഇവി /ന്യൂക്ലിയോൺ വരെയുള്ള സുപ്രതെർമൽ, എനെർജെറ്റിക് അയോണുകളും ഒരു എംഇവിയിൽ കൂടുതലുള്ള ഇലക്ട്രോണുകള്‍ എന്നിവ അളക്കും.
കുറഞ്ഞതും ഉയര്‍ന്ന ഊര്‍ജവുമുള്ള സ്പെക്ട്രോമീറ്ററുകള്‍ ഉപയോഗിച്ചാകും അളക്കുക. ശേഖരിക്കുന്ന വിവരങ്ങള്‍ ശാസ്ത്രജ്ഞര്‍ക്ക് ഭൂമിയുടെ ചുറ്റുമുള്ള കണങ്ങളുടെ സ്വഭാവം, പ്രത്യേകിച്ച് ഭൂമിയുടെ കാന്തികമണ്ഡലത്തിലത്തിന്റെ സാമീപ്യത്തിലുള്ളപ്പോഴുള്ള സ്വഭാവം മനസിലാക്കാൻ സഹായകമാകും. ഈ മാസം 10ന് പേടകം ഭൂമിയില്‍ നിന്ന് 50,000 കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് ഐഎസ്ആർഒ സ്റ്റെപ്‌സ് പ്രവർത്തിപ്പിച്ച് തുടങ്ങിയത്. സ്റ്റെപ്സിലെ എല്ലാ യൂണിറ്റുകളും ശരിയായവണ്ണം പ്രവര്‍ത്തിക്കുന്നതായും ഭൂമിയുടെ കാന്തിക വലയത്തിനുള്ളിലെ ഊര്‍ജകണ വ്യത്യാസങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഒരു യൂണിറ്റ് വിവരങ്ങള്‍ ശേഖരിക്കുന്നതായും ഐഎസ്ആര്‍ഒ അറിയിച്ചു. 

ആദിത്യ എല്‍1 നിശ്ചിത ഭ്രമണപഥത്തില്‍ എത്തുന്നതുവരെ സ്റ്റെപ്സ് അളക്കല്‍ തുടരും. ലഗ്രാഞ്ചിയൻ പോയിന്റിനു ചുറ്റില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ സൗരക്കാറ്റിന്റെ ഉദ്ഭവം, വേഗവര്‍ധന തുടങ്ങി ബഹിരാകാശ കാലാവസ്ഥാ പ്രതിഭാസങ്ങള്‍ക്കുള്ള ഉത്തരം നല്‍കുമെന്നാണ് വിലയിരുത്തല്‍. 

Eng­lish Sum­ma­ry: Aditya-L1: Start­ed col­lect­ing sci­en­tif­ic data

You may also like this video

Exit mobile version