Site icon Janayugom Online

ആദിത്യ‑എല്‍1: പരീക്ഷണ വിക്ഷേപണം വിജയം

ഇന്ത്യയുടെ സൗര ദൗത്യം ആദിത്യ‑എല്‍1ന്റെ പരീക്ഷണ വിക്ഷേപണവും റോക്കറ്റിന്റെ പരിശോധയും വിജയിച്ചതായി ഐഎസ്ആര്‍ഒ. ശനിയാഴ്ച 11.50ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം. സൂര്യന്റെ ഏറ്റവും പുറമേയുള്ള ഭാഗമായ കൊറോണ, ഭൂമിയ്ക്കും സൂര്യനും ഇടയിലുള്ള അഞ്ച് ലഗ്റാഞ്ച് പോയിന്റുകളിൽ ആദ്യത്തേതായ ലഗ്റാഞ്ച്1 ലെ സൗരക്കാറ്റ് എന്നിവയുടെ നിരീക്ഷണം ലക്ഷ്യമിട്ടാണ് വിക്ഷേപണം. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ നിന്നാകും നിരീക്ഷണം. സൂര്യനെക്കുറിച്ചുള്ള പഠനത്തിനായി ഇന്ത്യ നിർമിച്ച ആദ്യ ബഹിരാകാശ പേടകമാണ് ആദിത്യ. പിഎസ്എല്‍വി- സി57 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം.

വിക്ഷേപണത്തിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ഐഎസ്ആര്‍ഒ സമൂഹമാധ്യമ പോസ്റ്റിലൂടെ അറിയിച്ചു. ഏഴ് പേലോഡുകളാണ് സൂര്യനെ നിരീക്ഷിക്കുന്നതിനായി ഉപയോഗിക്കുക. ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, സൂര്യന്റെ ഏറ്റവും പുറമേയുള്ള ഭാഗമായ കൊറോണ എന്നിവയെ ആദിത്യ‑എല്‍1 നിരീക്ഷിക്കും. ദേശീയ സ്ഥാപനങ്ങളുടെ സഹായത്തോടെ തദ്ദേശീയമായാണ് ആദിത്യ‑എല്‍1 വികസിപ്പിച്ചിരിക്കുന്നതെന്ന് ഐഎസ്ആര്‍ഒ അധികൃതര്‍ അറിയിച്ചു. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് ആണ് വിസിബിള്‍ എമിഷൻ ലൈൻ കൊറോണോഗ്രാഫ് എന്ന പേലോ‍ഡ് വികസിപ്പിച്ചിരിക്കുന്നത്.

സോളാര്‍ അള്‍ട്രാവൈലറ്റ് ഇമേജര്‍ പേലോഡ് വികസിപ്പിച്ചത് പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്റ് അസ്ട്രോഫിസിക്സ് ആണ്. യുവി പേലോഡ് ഉപയോഗിച്ച് ക്രോമോസ്ഫിയര്‍ നിരീക്ഷിക്കാനും കൊറോണയെ നിരീക്ഷിക്കാനും ആദിത്യ‑എല്‍1ന് ആകും. എകസ്റേ പേലോഡ് ഉപയോഗിച്ച് സൗരജ്വാലയെ നിരീക്ഷിക്കാനും ആദിത്യക്കാകും. കാന്തിക മണ്ഡലങ്ങളേയും ഊര്‍ജ കണങ്ങളെയും നിരീക്ഷിക്കാനും പേലോഡുകള്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Aditya-L1: Test launch successful
You may also like this video

Exit mobile version