Site iconSite icon Janayugom Online

സൂര്യന്റെ രഹസ്യങ്ങളിലേക്ക് ആദിത്യ എല്‍1

ചന്ദ്രയാന്‍ മൂന്നിന്റെ വിജയകരമായ വിക്ഷേപണത്തിന്റെ കരുത്തില്‍ സൂര്യനെ കുറിച്ച് പഠിക്കാന്‍ ഒരുങ്ങി ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ. ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍ വണ്‍ പേടകം വിക്ഷേപണത്തിനൊരുങ്ങി, അസംബ്ലിങ് അടക്കമുള്ള ജോലികള്‍ പൂര്‍ത്തിയാക്കി വിക്ഷേപണ വാഹനത്തെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ എത്തിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. ആദിത്യ‑എല്‍1 പേടകത്തിന്റെ ആദ്യ ചിത്രങ്ങള്‍ ഐഎസ്‌ആര്‍ഒ പങ്കുവച്ചിട്ടുണ്ട്. ബംഗളൂരുവിലെ യുആര്‍ റാവു സാറ്റലൈറ്റ് സെന്ററിലാണ് പേടകം വികസിപ്പിച്ചത്. ഓഗസ്റ്റ് അവസാനമോ, അല്ലെങ്കില്‍ സെപ്റ്റംബര്‍ ആദ്യമോ വിക്ഷേപണം ഉണ്ടാവുമെന്നാണ് സൂചന.

പിഎസ്‌എല്‍വി-എക്സ്‌എല്‍ ആയിരിക്കും വിക്ഷേപണ വാഹനം. ഭൂമിയില്‍ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള സൗര‑ഭൗമ വ്യവസ്ഥയുടെ ലാഗ്രാഞ്ച് പോയിന്റ് 1 (എല്‍ 1) ന് ചുറ്റുമുള്ള ഒരു ഹാലോ ഭ്രമണപഥത്തിലാണ് പേടകം സ്ഥാപിക്കുക. ഇവിടെ സൂര്യന്റെയും ഭൂമിയുടെയും ഗുരുത്വാകര്‍ഷണ ബലം പരസ്പരം റദ്ദാക്കപ്പെടുന്നത് മൂലം ബഹിരാകാശ പേടകത്തിന് കൂടുതല്‍ ഇന്ധനം ഉപയോഗിക്കാതെ ഒരിടത്ത് സ്ഥിരമായി തുടരാൻ കഴിയും. ലാഗ്രാഞ്ച് പോയിന്റില്‍ എത്താൻ ഏകദേശം 109 ദിവസത്തെ യാത്രയാണ് കണക്കാക്കിയിരിക്കുന്നത്. 400 കിലോ ഭാരമുള്ളതാണ് ആദിത്യ എല്‍1 പേടകം.

വിസിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫ് (വിഇഎൽസി) ഉൾപ്പെടെ ഏഴ് പേലോഡുകളാണ് ഉണ്ടാവുക. സൂര്യന്റെ ഉപരിതല അന്തരീക്ഷത്തിന്റെ ചലനാത്മകതയെക്കുറിച്ച് പഠിക്കുകയാണ് പ്രധാന ലക്ഷ്യം. സൂര്യന്റെ അന്തരീക്ഷത്തിന്റെ ഏറ്റവും ബാഹ്യമേഖലയായ കൊറോണ, കൊറോണയ്‌ക്ക് താഴെയുള്ള സുതാര്യ വലയമായ ക്രോമോസ്‌ഫിയർ, സൂര്യന്റെ ദൃശ്യപ്രതലമായ ഫോട്ടോസ്‌ഫിയർ എന്നിവ സംബന്ധിച്ച നിരീക്ഷണങ്ങളും ആദിത്യയുടെ ലക്ഷ്യമാണ്. സൂര്യനിൽ നിന്നുള്ള കണങ്ങളെക്കുറിച്ച് പഠിക്കാനുള്ള ഉപകരണങ്ങളും ശൂന്യഭ്രമണപഥത്തിലെ കാന്തികമേഖല പഠിക്കാനുള്ള മാഗ്നറ്റിക് മീറ്ററും ആദിത്യയിലുണ്ടാകും.

eng­lish summary;Aditya L1 to the Secrets of the Sun

you may also like this video;

Exit mobile version