സ്കൂളുകള്‍ ഒരുതരത്തിലുമുള്ള മതപരമായ പഠനത്തിനും തുറന്നുകൊടുക്കരുതെന്ന് ഭരണഘടനാ നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഉത്തര്‍പ്രദേശിന് ബാധകമല്ല. ബിജെപി നേതൃത്വത്തിലുള്ള ആദിത്യനാഥ് സര്‍ക്കാര്‍, സ്കൂളുകളില്‍ രാമായണം, വേദങ്ങള്‍ തുടങ്ങി ഹിന്ദുമത ഗ്രന്ഥങ്ങളെ കുറിച്ചുള്ള വേനല്‍ക്കാല വര്‍ക്‌ഷോപ്പുകള്‍ നടത്താന്‍ തീരുമാനിച്ചത് വ്യാപക പ്രതിഷേധത്തിനിടയാക്കി. അയോധ്യയിലെ അന്താരാഷ്ട്ര രാമായണ, വേദ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി. രാംലീല, രാമചരിതമാനസ പാരായണം, വേദ ജപം, ചിത്രരചന, മുഖംമൂടി നിര്‍മ്മാണം എന്നിവയും പദ്ധതയില്‍ ഉള്‍പ്പെടുത്തും. നടപടി ഉടന്‍ പിന്‍വലിക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 28ലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായ തീരുമാനമാണിത്. ഭരണഘടനാ തത്വങ്ങളുടെയും മൂല്യങ്ങളുടെയും ലംഘനവുമാണിതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഭൂരിപക്ഷത്തിന്റെ മതത്തിന് പ്രാധാന്യം നല്‍കുന്നത്, മതന്യൂനപക്ഷങ്ങള്‍ക്കും മതവിശ്വാസികളല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കും എതിരെയുള്ള പരസ്യമായ വിവേചനമാണ്, ഇത്തരം വര്‍ക്‌ഷോപ്പുകള്‍ ലിംഗ‑ജാതി വിവേചനം ശക്തിപ്പെടുത്തുമെന്ന് ലോക്‌സഭാ എംപി ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. നിരവധി പൗരസംഘടനകള്‍ സര്‍ക്കാര്‍ നീക്കത്തിനെതിരെ കോടതികളെ സമീപിച്ചിട്ടുണ്ട്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക മാത്രമല്ല, എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും മതേതരവും ശാസ്ത്രീയവുമാണെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ആദിത്യനാഥ് സര്‍ക്കാര്‍ ഈമാസം അഞ്ചിനും എട്ടിനും പുറത്തിറക്കിയ ഉത്തരവ് ഭരണഘടനാ വിരുദ്ധവും സമൂഹത്തിന് അപകടകരവുമാണെന്നും അവര്‍ വിശദീകരിച്ചു.
മതങ്ങളെക്കുറിച്ചുള്ള താരതമ്യ പഠനം അനുവദനീയമാണെങ്കിലും ഒരു മതത്തെക്കുറിച്ചുള്ള പാഠം പ്രോത്സാഹിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി 2002ല്‍ വ്യക്തമാക്കിയിരുന്നു, സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചതോ. സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് സഹായം സ്വീകരിക്കുന്നതോ ആയ സ്ഥാപനത്തില്‍ പഠിക്കുന്ന ഒരു വ്യക്തിയും ഏതെങ്കിലും മതപരമായ കാര്യങ്ങളില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ഭരണഘടന പറയുന്നു.

