Site icon Janayugom Online

താന്‍ അധികാരത്തിലേറിയതുമുതല്‍ യുപിയില്‍ കലാപമേയുണ്ടായിട്ടില്ലെന്ന് ആദിത്യനാഥ്!

താന്‍ അധികാരത്തിലേറിയതുമുതല്‍ ഉത്തര്‍പ്രദേശില്‍ കലാപങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് വീമ്പിളക്കി മുഖ്യമന്ത്രി ആദിത്യനാഥ്. 2017 മുതൽ ഉത്തർപ്രദേശ് കലാപരഹിതമായിരുന്നുവെന്ന യുപി സര്‍ക്കാരിന്റെ നാലര വർഷത്തെ റിപ്പോർട്ട് കാർഡ് പുറത്തുവിട്ടുകൊണ്ട് ആദിത്യനാഥ് നടത്തിയ പ്രസ്താവന പരക്കെ പരിഹാസം ഏറ്റുവാങ്ങുകയാണ്.

ഒരോ 34 ദിവസം കൂടുമ്പോഴും വർഗീയ ലഹളകളുണ്ടായിരുന്ന യുപിയിൽ കഴിഞ്ഞ നാലര വർഷത്തിനിടയിൽ ഒരു കലാപവുമുണ്ടായിട്ടില്ലെന്നാണ് ആദിത്യനാഥിന്റെ അവകാശവാദം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏറ്റവും കുടുതൽ പരിശോധന നടത്തിയതും വാക്സിനേഷൻ നടത്തിയതും യുപിയാണെന്ന് ആദിത്യനാഥ് അവകാശപ്പെട്ടു. മുൻ സർക്കാറുകളെ ലക്ഷ്യമിട്ടായിരുന്നു യോഗിയുടെ പ്രസ്താവന.
‘ഉത്തർപ്രദേശിൽ സുരക്ഷയും നല്ല ഭരണവും കാഴ്ചവെച്ച്​ നാലരവർഷക്കാലത്തെ ഭരണം പൂർത്തിയാക്കുകയെന്നത്​ വളരെ പ്രധാനമാണ്​. സംസ്​ഥാനത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ കാഴ്ചപ്പാടിൽ മാറ്റം വന്നു. നേരത്തേ യുപിയിൽ കലാപങ്ങൾ ഒരു പ്രവണതയായിരുന്നു. എന്നാൽ, കഴിഞ്ഞ നാലരവർഷക്കാലം ഒറ്റ കലാപം പോലും അരങ്ങേറിയില്ല’ ‑ആദിത്യനാഥ്​ പറഞ്ഞു.

2022ൽ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കേ ബിജെപി ഭരണത്തിന്റെയും മുഖ്യമന്ത്രി ആദിത്യനാഥിന്റെയും നേട്ടങ്ങൾ ഉയർത്തിക്കാട്ടി ജനപിന്തുണ നേടുകയാണ്​ ബിജെപിയുടെ ലക്ഷ്യം. അതിനായി യോഗി സർക്കാർ നാലരവർഷം തികക്കുന്നത്​ ആഘോഷമാക്കാനാണ്​ ബിജെപിയുടെ തീരുമാനം.
മുൻ സർക്കാരുകൾ തങ്ങൾക്കായി വീടുകൾ നിർമ്മിച്ചപ്പോൾ, തന്റെ സർക്കാർ പാവപ്പെട്ടവർക്ക് വീടുകൾ നിർമ്മിച്ചുനൽകിയതായും ആദിത്യനാഥ് വാദിച്ചു. തന്റെ സർക്കാർ 4.5 ലക്ഷം യുവാക്കൾക്ക് ജോലി നൽകിയെന്ന് അവകാശപ്പെട്ട മുഖ്യമന്ത്രി, സംസ്ഥാനത്ത് ബിസിനസ്സ് ചെയ്യുന്നതിനുള്ള സുതാര്യമായ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ഇത് റാങ്കിംഗിൽ മെച്ചപ്പെടാനും നിക്ഷേപങ്ങൾ ഒഴുകാൻ തുടങ്ങിയതായും അവകാശപ്പെട്ടു.

ഉത്തര്‍പ്രദേശില്‍ ഓക്സിജന്‍ ലഭ്യതക്കുറവുമൂലം ഏറ്റവും കൂടുതല്‍ കുട്ടികള്‍ മരിച്ചത് ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലേറിയ വര്‍ഷമാണ്. ഇതിനെത്തുടര്‍ന്ന് സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് ഉള്‍പ്പെടെ നിരവധി നടപടികള്‍ സ്വീകരിച്ചതും ഇക്കാലയളവിലാണ്. 2021ല്‍പ്പോലും ഡെങ്കിപ്പനി ബാധിച്ച് ഇവിടെ കുട്ടികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ മരിച്ചിരുന്നുവെന്നും ആദിത്യനാഥ് സര്‍ക്കാരിന്റെ പൊള്ളത്തരങ്ങള്‍ വന്നതിനുപിന്നാലെരാഷ്ട്രീയ നിരീക്ഷകര്‍ പ്രതികരിച്ചു.

Eng­lish Sum­ma­ry : Adityanath says UP has not seen any riots after he came into power

You may also like this video :

Exit mobile version