Site iconSite icon Janayugom Online

ആദിത്യനാഥിന്റെ സംവരണവിരുദ്ധ കത്ത് മോഡിക്ക് തിരിച്ചടിയാകുന്നു

സംവരണത്തെ ചൊല്ലി കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വാക്പോര് തുടരുന്നതിനിടെ യുപി മുഖ്യമന്ത്രി ആദിത്യനാഥിന്റെ സംവരണവിരുദ്ധ കത്ത് മോഡിക്ക് തിരിച്ചടിയാകുന്നു. യോഗിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച കത്തില്‍ രാജ്യത്തെ സംവരണ നയത്തിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
‘സംവരണാഗ്നിയില്‍ രാജ്യം കത്തുന്നു’ എന്നാണ് ആദിത്യനാഥിന്റെ കത്തിന്റെ തലക്കെട്ട്. സ്വാതന്ത്ര്യം കിട്ടിയ ശേഷം രാജ്യത്ത് നടപ്പാക്കിയ സംവരണം ജനങ്ങളെ സ്വാശ്രയരാക്കുന്നതിന് പകരം കൂടുതല്‍ ആശ്രിതരാക്കി. ജാതി സമ്പ്രദായത്തിന്റെ ദുഷിപ്പുകള്‍ രാജ്യത്ത് നിന്ന് അപ്രത്യക്ഷമായില്ല. സാമൂഹ്യ അസമത്വം വര്‍ധിച്ചു. രാജ്യത്ത് സാമൂഹ്യനീതി അന്യമായിരുന്ന കാലത്ത് അത് അവസാനിപ്പിക്കാനായി നടപ്പാക്കിയ സംവരണ സമ്പ്രദായം സാമൂഹ്യ അസമത്വം കൂടുതല്‍ ശക്തമാക്കി’- എന്നാണ് യുപി മുഖ്യമന്ത്രി ആരോപിക്കുന്നത്. 

ഈ കത്തുപയോഗിച്ചാണ് പ്രധാനമന്ത്രിക്കും ആദിത്യനാഥിനും എതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആഞ്ഞടിച്ചിരിക്കുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി 400 സീറ്റ് മറികടക്കുമെന്ന മോഡിയുടെ മുദ്രാവാക്യം വെറുതെയുണ്ടായതല്ല. ഇത്രയും എംപിമാരെ ലഭിച്ചുകഴിഞ്ഞാലേ അംബേദ്കര്‍ എഴുതിയ ഭരണഘടന ഭേദഗതി ചെയ്യാനും ഗോത്ര, ദളിത്, പിന്നാക്ക വിഭാഗങ്ങളുടെ അവകാശമായ സംവരണം തട്ടിയെടുക്കാനും അദ്ദേഹത്തിന് കഴിയൂ. അതാണ് 400 സീറ്റ് എന്ന മുദ്രാവാക്യത്തിന്റെ രഹസ്യമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
പതിറ്റാണ്ടുകളായി സംവരണം അവസാനിപ്പിക്കണമെന്ന ആര്‍എസ്എസ് ഗൂഢാലോചന നടപ്പിലാക്കാനാണ് മോഡി ആഗ്രഹിക്കുന്നത്. ഭരണഘടനയ്ക്ക് പകരം മനുസ്മൃതിയില്‍ അധിഷ്ഠിതമായ പുതിയ ഭരണം സൃഷ്ടിക്കാനും പ്രധാനമന്ത്രി ആഗ്രഹിക്കുന്നതായി ജയറാം രമേശ് എക്സില്‍ കുറിച്ചു.

ബുള്‍ഡോസര്‍ എവിടെ ഉപയോഗിക്കണമെന്ന് ഇന്ത്യ സഖ്യം യുപി മുഖ്യമന്ത്രിയില്‍ നിന്ന് പഠിക്കണമെന്നാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. ആദിവാസി, ദളിത്, പിന്നോക്കവിഭാഗക്കാര്‍ക്ക് ലഭിക്കേണ്ട സംവരണത്തിനെതിരെ യോഗി എങ്ങനെയാണ് ബുള്‍ഡോസര്‍ പ്രയോഗിക്കുന്നതെന്ന് അദ്ദേഹത്തിന്റെ കത്ത് വ്യക്തമാക്കുന്നുവെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി.
യോഗിയുടെ കത്തിലൂടെ ബിജെപി-ആര്‍എസ്എസ് സംവരണ വിരുദ്ധത മറനീക്കി പുറത്തുവന്നിരിക്കുകയാണ്. അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണം ഇന്ന് അവസാനിക്കാനിരിക്കെ സംവരണം ബിജെപിക്ക് വീണ്ടും തിരിച്ചടിയാകുന്നു.

Eng­lish Sum­ma­ry: Adityanath’s anti-reser­va­tion let­ter back­fires on Modi

You may also like this video

Exit mobile version