Site iconSite icon Janayugom Online

ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ചു; പ്രതികൾ പിടിയിൽ

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മർദിച്ച കേസില്‍ പ്രതികൾ പിടിയിൽ. ഷോളയൂർ സ്വദേശികളായ വിഷ്ണു, റെജില്‍ എന്നിവരെയാണ് അഗളി പൊലീസ് പിടികൂടിയത്. പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. അഗളി പഞ്ചായത്തിലെ ചിറ്റൂർ ഉന്നതിയിലെ വേണുവിന്റെ മകൻ സിജു(19)വിനാണ് മർദനമേറ്റത്. സിജു കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. 

മിൽമയുടെ പാൽ ശേഖരിക്കാൻ കരാറെടുത്ത പിക്കപ് വാനിന്‌ തടസ്സമുണ്ടാക്കി എന്നാരോപിച്ചാണ് മർദനം. 24ന്‌ ചിറ്റൂർ പോത്തുപ്പാടിയിലാണ് സംഭവം. വിവസ്‌ത്രനാക്കി കെട്ടിയിട്ട് തല്ലിയെന്ന് പരാതിയില്‍ പറയുന്നു. വൈദ്യുതിത്തൂണിൽ കെട്ടിയിട്ട് ഇവർ പോയെന്നും ഒരു മണിക്കൂറിനുശേഷം ഇതുവഴി വന്ന നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചതെന്നും സിജു പറഞ്ഞു. എന്നാൽ മദ്യപിച്ച സിജു റോഡിൽനിന്ന്‌ മാറാതെ അക്രമാസക്തനായെന്നും കല്ലെടുത്തിട്ട് വാഹനത്തിന് കേടുപാടുണ്ടാക്കി എന്നുമാണ് പ്രതികളുടെ വാദം. നിവൃത്തിയില്ലാതെയാണ്‌ കെട്ടിയിട്ടതെന്നും ഇവർ പറയുന്നു. വാഹനത്തിന് സംഭവിച്ച കേടുപാടുകളിൽ നഷ്ട പരിഹാരം ആവശ്യപ്പെട്ട് ഇവർ നൽകിയ പരാതിയിലാണ് അഗളി പൊലീസ് ആദ്യം കേസെടുത്തത്.

Exit mobile version