Site iconSite icon Janayugom Online

അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ വിധി; സിസയ്ക്ക് ജോയിന്റ് ഡയറക്ടർ സ്ഥാനത്ത് തുടരാനാവില്ല

സാങ്കേതിക വി​ദ്യാഭ്യാസ സീനിയർ ജോയിന്റ് ഡയറക്ടർ സ്ഥാനത്ത് ഡോ. സിസ തോമസിന് തുടരാനാവില്ലെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ വിധിച്ചു. ജോയിന്റ് ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയ സർക്കാർ ഉത്തരവ് നടപ്പാക്കരുതെന്നും സ്റ്റേ വേണമെന്നും ആവശ്യപ്പെട്ടുള്ള സിസയുടെ ഹർജി ട്രിബ്യൂണൽ തള്ളുകയായിരുന്നു. ഇതോടെ വിരമിക്കുന്നത് വരെ ഡയറക്ടറേറ്റില്‍ തുടരാനുള്ള സിസയുടെ നീക്കത്തിനാണ് തിരിച്ചടിയേറ്റത്. 

മാർച്ച് 31ന് സർവീസിൽ നിന്ന് വിരമിക്കുന്ന സിസക്ക് തിരുവനന്തപുരത്ത് നിയമനം നൽകണമെന്ന് മാത്രമാണ് ട്രിബ്യൂണൽ വിധിച്ചത്. സ്വാഭാവികമായും വിരമിക്കലിന്റെ ഒരുവർഷം ഉദ്യോ​ഗസ്ഥർ അവർ ആവശ്യപ്പെടുന്നയിടത്തോ സ്വന്തം നാട്ടിലോ നിയമനം നൽകുന്നതാണ് രീതി. സിസ തോമസിന് മറ്റൊരു ജോലി നൽകില്ലാ എന്ന് സർക്കാർ പറഞ്ഞിട്ടുമില്ല. ചുമതല പിന്നീട് തീരുമാനിക്കുമെന്നാണ് സർക്കാർ ഉത്തരവിലുള്ളത്. 

എപിജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാലയുടെ ഇടക്കാല വൈസ്ചാൻസലറായ ഡോ. സിസ തോമസിനെ കഴിഞ്ഞ ദിവസമാണ് സ്ഥാനത്ത് നിന്ന് നീക്കിയത്. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ജസ്റ്റിസ് പി വി ആശയാണ് സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സിസയുടെ ഹർജി തള്ളിയത്. മുൻ വിസിയായ ഡോ. എം എസ് രാജശ്രീക്കാണ് ജോയിന്റ് ഡയറക്ടറുടെ ചുമതല. വിസി സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് ജോലിയിൽ തിരികെ പ്രവേശിക്കാനുള്ള രാജശ്രീയുടെ അഭ്യർത്ഥന പ്രകാരമാണ് നിയമനം. 

Eng­lish Summary;Administrative Tri­bunal Judg­ment; Sisa can­not con­tin­ue as joint director

You may also like this video 

Exit mobile version