Site iconSite icon Janayugom Online

പോറ്റി ആവശ്യപ്പെട്ടപ്പോൾ പലപ്പോഴും കൂടെപ്പോയെന്ന് സമ്മതിച്ച് അടൂർ പ്രകാശ്

പുതിയ ചിത്രങ്ങൾ പുറത്തുവന്നതോടെ ശബരിമല സ്വർണമോഷണക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം തുറന്നുസമ്മതിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. പോറ്റി ക്ഷണിച്ചിട്ട് വീട്ടിലും മറ്റ് സ്ഥലങ്ങളിലും താൻ പോയിട്ടുണ്ടെന്ന് അടൂർ പ്രകാശ് ഡല്‍ഹിയില്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പോറ്റിയുടെ വീട്ടിൽ നിത്യസന്ദർശകനാണെന്ന് അയൽക്കാർ പറയുന്നല്ലോ എന്ന് ചോദിച്ചപ്പോൾ പെയ്ഡ് സാക്ഷികളെക്കുറിച്ച് ഇതിന് മുൻപ് താൻ കേട്ടിട്ടില്ല എന്നായിരുന്നു അടൂര്‍ പ്രകാശിന്റെ മറുപടി. അതേസമയം, മുതിർന്ന കോൺ​ഗ്രസ് നേതാവ് സോണിയാ ​ഗാന്ധിയെ കാണാൻ പോറ്റിക്ക് എങ്ങനെ അപ്പോയിൻമെന്റ് ലഭിച്ചു എന്നതിൽ അദ്ദേഹത്തിന് മറുപടി നൽകിയില്ല.

2019ൽ എംപി ആയശേഷമാണ് താൻ ആദ്യമായി പോറ്റിയെ കാണുന്നതെന്ന് അടൂർ പ്രകാശ് ആവർത്തിച്ചു. അന്നദാനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടു. ആ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. പോറ്റിയുടെ പിതാവ് മരണപ്പെട്ട സമയത്ത് അദ്ദേഹത്തിന്റെ വീട്ടിൽപോയിട്ടുണ്ട്. പ്രദേശത്തെ കോൺ​ഗ്രസ് പ്രവർത്തകർ ആവശ്യപ്പെട്ടതനുസരിച്ചാണ് പോയത്. പിന്നീട് പോറ്റിയുടെ സഹോദരിയുടെ വെഞ്ഞാറമൂട്ടിലെ വീട്ടിലും പോയിട്ടുണ്ട്. അന്ന് താൻ ഒറ്റയ്ക്കായിരുന്നില്ല, കെപിസിസി ജനറൽ സെക്രട്ടറി രമണി പി നായരും ഒപ്പമുണ്ടായിരുന്നു. മണ്ഡലത്തിൽപ്പെട്ട ആളെന്ന നിലയിലാണ് അവിടെപ്പോയത്. പിന്നീട് പോറ്റി വീട് വെച്ച് നൽകുന്നു എന്ന് അറിഞ്ഞപ്പോൾ അതിന്റെ താക്കോൽദാനം നിർ‌വഹിക്കാനും പോയിട്ടുണ്ട്.

ബം​ഗളൂരുവിൽ കൂടിക്കാഴ്ച നടത്തിയതും സോണിയാ ​ഗാന്ധിയെ കാണാൻ ഒപ്പം പോയതും പോറ്റി ആവശ്യപ്പെട്ടിട്ടാണെന്നും അടൂർ പ്രകാശ് പറഞ്ഞു. ബം​ഗളൂരുവിൽ താനും ഉണ്ടെന്ന് അറിഞ്ഞപ്പോൾ പോറ്റി വിളിക്കുകയായിരുന്നു. പുറത്തുവന്ന ചിത്രങ്ങളിൽ കാണുന്ന കവറിൽ സഹോദരിയുടെ മകളുടെ എന്തോ ചടങ്ങുമായി ബന്ധപ്പെട്ട ക്ഷണപത്രമാണെന്നാണ് ഓർമ. അവിടെവെച്ച് തനിക്ക് ഉപ​ഹാരമായി തന്നത് ഈന്തപ്പഴമോ മറ്റെന്തോ ആയിരുന്നു. കൂടെ ഉണ്ടായിരുന്ന രമേഷ് ബാബുവിനെ അറിയില്ല. പോറ്റി ഡൽഹിയിൽവന്നിട്ട് വിളിച്ചപ്പോൾ, തന്റെ മണ്ഡലത്തിൽപ്പെട്ട വ്യക്തി എന്ന നിലയിലാണ് സോണിയാ ​ഗാന്ധിയെ കാണാൻ കൂടെപ്പോയത്. സോണിയാ ​ഗാന്ധിയെ കാണാൻ അപ്പോയിൻമെന്റ് ലഭിച്ചെന്നും എംപി എന്ന നിലയിൽ കൂടെ വരണം എന്നും പോറ്റി ആവശ്യപ്പെട്ടു. എന്നാൽ, സോണിയാ​ ഗാന്ധിയെ പോറ്റി കണ്ടത് താൻ വഴിയല്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.

Exit mobile version