ദത്തു വിവാദത്തില്‍ ഉള്‍പ്പെട്ട തന്റെ കുഞ്ഞിനെ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് മാതാവ് അനുപമ എസ്.ചന്ദ്രന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി. കേസ് കുടുംബകോടതി പരിഗണിക്കുന്നതിനാല്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.
ഡിഎന്‍എ പരിശോധന നടത്താന്‍ ശിശുക്ഷേമ സമിതിക്ക് അധികാരമുണ്ടല്ലോയെന്നു ചൂണ്ടിക്കാട്ടിയ കോടതി ഹര്‍ജി പിന്‍വലിക്കാന്‍ നിര്‍ദേശിച്ചു. പിന്‍വലിച്ചില്ലെങ്കില്‍ തള്ളുമെന്നും മുന്നറിയിപ്പ് നല്‍കി. കേസ് കോടതി ഇന്നത്തേക്കു മാറ്റി.
മാതാപിതാക്കളായ പിഎസ് ജയചന്ദ്രന്‍, സ്മിത ജയിംസ് എന്നിവരെയും ശിശുക്ഷേമ സമിതിയെയും എതിര്‍കക്ഷികളാക്കിയാണ് അനുപമയുടെ ഹര്‍ജി. പ്രസവിച്ച് നാലു ദിവസം കഴിഞ്ഞപ്പോള്‍ കുഞ്ഞിനെ മാതാപിതാക്കള്‍ അന്യായ തടങ്കലിലാക്കിയെന്നും തന്റെ അറിവോ സമ്മതമോ ഇല്ലാതെ ശിശുക്ഷേമ സമിതിയില്‍ ഉപേക്ഷിച്ചെന്നും അനുപമ ഹര്‍ജിയില്‍ ആരോപിക്കുന്നു.
കുഞ്ഞ് എവിടെയാണെന്ന് അറിയില്ല. ഒരു വര്‍ഷമായി താന്‍ കുഞ്ഞിനു വേണ്ടിയുള്ള അലച്ചിലിലാണ്. അന്യായ തടങ്കലിലാക്കി ഉപേക്ഷിച്ച് കുഞ്ഞിന്റെ മൗലികാവകാശങ്ങള്‍ നിഷേധിച്ചു. ശിശുക്ഷേമ സമിതിക്കും പൊലീസിനും പരാതി നല്‍കിയിട്ടും നടപടിയില്ലന്നും ഹര്‍ജിയില്‍ പറയുന്നു.
English Summary: Adoption case: HC dismisses petition
You may like this video also