Site iconSite icon Janayugom Online

രാജ്യത്ത് ദത്തെടുക്കല്‍ വര്‍ധിച്ചു; പ്രത്യേക പരിഗണന വേണ്ടവരെ തഴയുന്നു

അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തെ ദത്തെടുക്കലുകളുടെ എണ്ണം വര്‍ധിച്ചെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 2019 മുതല്‍ 18,179 കുട്ടികളെയാണ് രാജ്യത്ത് ദത്ത് നല്‍കിയത്. ഇതില്‍ 1,404 പേര്‍ പ്രത്യേക പരിഗണന കുട്ടികളാണ്. ഇത്തരം കുട്ടികളെ ദത്തെടുക്കുന്നത് വളരെ കുറവാണെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നു. 2019–20 കാലത്ത് രാജ്യത്ത് മൊത്തം 3,745 ദത്തെടുക്കല്‍ നടന്നു. ഇതില്‍ 3,351ഉം ഇന്ത്യക്കകത്തും 394 എണ്ണം മറ്റ് രാജ്യങ്ങളിലുമാണ്. ഇതില്‍ പ്രത്യേകശ്രദ്ധ വേണ്ട 56 ആണ്‍കുട്ടികളും 110 പെണ്‍കുട്ടികളുമാണുള്ളതെന്ന് സെന്റര്‍ അഡോപ്ഷന്‍ റിസോഴ്‌സസ് അതോറിട്ടി (സിഎആര്‍എ) വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ പറയുന്നു. 2020–21ല്‍ 3,142 കുട്ടികളെ രാജ്യത്തും 417 പേരെ രാജ്യത്തിന് പുറത്തും ദത്ത് നല്‍കി. ഇതില്‍ കൂടുതല്‍ പരിഗണന അര്‍ഹിക്കുന്ന 110 ആണ്‍കുട്ടികളും 133 പെണ്‍കുട്ടുകളുമുണ്ട്. 2021–22ല്‍ ദത്തെടുക്കല്‍ 3,405 ആയി കുറഞ്ഞു. രാജ്യത്തിനകത്ത് 2,991ഉം പുറത്തേക്ക് 414ഉം ആയിരുന്നു. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന 136 ആണ്‍കുട്ടികളും 206 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.

2022–23ല്‍ 3,441 ദത്തെടുക്കലുകള്‍ നടന്നതില്‍ 3,010ഉം രാജ്യത്തിനകത്ത് തന്നെയായിരുന്നു. 431 കുട്ടികളെ വിദേശങ്ങളിലും നല്‍കി. ഇക്കൂട്ടത്തില്‍ പ്രത്യേക അവകാശങ്ങള്‍ക്ക് അര്‍ഹരായ 156 ആണ്‍കുട്ടികളും 188 പെണ്‍കുട്ടികളുമുണ്ട്. 2023–24 കാലത്ത് ദത്തെടുക്കലുകളുടെ എണ്ണം 4,029 ആയി. ഇതില്‍ 3,580ഉം രാജ്യത്തിനകത്തും 449 എണ്ണം രാജ്യത്തിന് പുറത്തും ആയിരുന്നു. പ്രത്യേക ശ്രദ്ധവേണ്ട 135 ആണ്‍കുട്ടികളും 174 പെണ്‍കുട്ടികളും ഉള്‍പ്പെട്ടു. എന്നാല്‍ ദത്ത് പോകുന്നവരുടെ എണ്ണം പരിശോധിച്ചാല്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ ശതമാനം വളരെ കുറവാണ്. 2024 ജൂലൈ അഞ്ച് വരെയുള്ള കണക്കുകള്‍ അനുസരിച്ച്, രാജ്യത്തുടനീളമുള്ള ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ ഇത്തരത്തിലുള്ള 420 കുട്ടികള്‍ ദത്തെടുക്കലിനായി കാത്തിരിക്കുന്നു. ഇക്കൊല്ലം ജൂലൈ വരെ നിയമപരമായി ദത്ത് അനുവദിക്കാവുന്ന 1,709 കുട്ടികളില്‍ 76 ശതമാനവും പ്രത്യേക കരുതല്‍ വേണ്ടവരാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ ഉദ്ധരിച്ച് സന്നദ്ധ സംഘടനയായ ഫാമിലി ഓഫ് ജോയ് പ്രവര്‍ത്തകന്‍ അവിനാഷ് കുമാര്‍ പറഞ്ഞു. 

ദത്ത് നല്‍കാനുള്ള ആരോഗ്യമുള്ള കുട്ടികളുടെ എണ്ണം കുറയുകയും ചെയ്യുന്നു. പൂര്‍ണ ആരോഗ്യമുള്ള കുട്ടികള്‍ക്കാണ് ഭൂരിപക്ഷവും മുന്‍ഗണന നല്‍കുന്നതെന്ന് സിഎആര്‍എ മുന്‍ സിഇഒ ദീപക് കുമാര്‍ പറഞ്ഞു. അതേസമയം സാമൂഹ്യവും ആളുകളുടെ മനോഭാവത്തിലും ഉണ്ടായ മാറ്റം പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുട്ടികളെ ദത്തെടുക്കുന്നതിലേക്ക് നയിക്കുന്നതിന്റെ പുരോഗതി കാണുന്നുണ്ടെന്നും ഇത് നല്ല സൂചനയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ദമ്പതിമാര്‍ ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കുന്ന രീതി വര്‍ധിച്ചതായും ചൂണ്ടിക്കാട്ടി. 

Exit mobile version