എനിക്കും ആകാശത്തിനുമിടയിൽ
അടുക്കളയുടെ പുകപിടിച്ചു മങ്ങിയ
ഇരുണ്ട ജാലകം.
ജാലകങ്ങൾക്കപ്പുറംആരോ പറഞ്ഞുകേട്ട
മനോഹരമായ ആ മഴവില്ല് ഉണ്ടാകാം.
എന്റെ വിനോദയാത്രകൾ
അടുക്കളയിൽ നിന്നും
സ്വീകരണമുറി കടന്നു മുറ്റത്തേക്കും,
അലക്കുകല്ലിൻ ചുവട്ടിലേയ്ക്കും.
പിന്നെ ഇടംവലം തിരിഞ്ഞു
ഊണുമുറി ചുറ്റി വീണ്ടും
അടുക്കളയിൽ എത്തിനിൽക്കുന്നു.
വെള്ള പൂശിയ ചുവരുകളിൽ നിറയെ,
എന്റെ സ്വപ്നങ്ങളുടെ കറുത്ത
വിരൽപ്പാടുകൾ.
മനോഹരമായ ചിത്രങ്ങൾ പോലെ
എന്റെ കണ്ണുകൾക്ക് പ്രിയമുള്ള കാഴ്ചയായിരുന്നു.
എന്നെ ഞാനാക്കിയ
അകം പൊള്ളിയടർന്ന എന്റെ ചിന്തകൾ.
രാത്രിയുടെ ഓരോ യാമങ്ങളിലും,
ഞാൻ എന്നെ കുലുക്കിയുണർത്തി.
കിടപ്പു മുറിയുടെ വാതിൽ വിടവിലൂടെ
മസാലക്കൂട്ടുകളുടെ ഗന്ധം.
തിടുക്കത്തിൽ വാതിൽ തുറന്നു,
കണ്ടു ഞാൻ അരണ്ട വെളിച്ചത്തിൽ
എന്റെ കാൽച്ചുവട്ടിൽ
പാറ്റിക്കൊഴിച്ചരച്ചെടുത്തൊരെൻ,
സുന്ദരസ്വപ്നങ്ങൾ ഒഴുകിപ്പരക്കുന്ന കാഴ്ച്ച.
സ്വപ്നങ്ങളിൽ തെന്നി വീഴാതെ
ഭിത്തിമേൽ പിടിച്ചു വേച്ചു വേച്ചു
ഇരുണ്ട ജലകവാതിലിൽ,
കാത്തു നിൽക്കുന്നു
വീണ്ടുമൊരു മഴവില്ലിനായി.